കമീഷനിൽ കണ്ണുനട്ട മോദിക്കും പിണറായിക്കും ഒരേ വികാരം –കെ. സുധാകരൻ

ശ്രീകണ്​ഠപുരം: ജനദ്രോഹനയങ്ങൾ നടപ്പാക്കുന്ന നരേന്ദ്ര മോദിക്കും പിണറായി വിജയനും ഒരേ വികാരവും ലക്ഷ്യവുമാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശ്രീകണ്​ഠപുരത്ത് അഡ്വ. സജീവ് ജോസഫ് എം.എൽ.എ നയിച്ച ജനജാഗരൺ അഭിയാൻ പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാറ്റിലും കമീഷനുണ്ടാക്കി അഴിമതി നടത്താനായി ഇവർ മത്സരിക്കുകയാണ്. കോൺഗ്രസ് രാജ്യത്തുണ്ടാക്കിയതെല്ലാം വിറ്റുതുലച്ചാണ് മോദി കമീഷനടിക്കുന്നതെങ്കിൽ ജനവിരുദ്ധ പദ്ധതികളുടെ മറവിലാണ് പിണറായി വിജയൻ കമീഷനടിക്കുന്നത്. കെ-റെയിൽ പോലുള്ള, കമീഷൻ തട്ടാനുള്ള പദ്ധതികളാണ്​ പിണറായി നടപ്പാക്കുന്നത്​. ജനങ്ങളുമായി ആലോചിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോയാൽ അളന്നു സ്ഥാപിച്ച കല്ലുകൾ ഒന്നുപോലും അവിടെ കാണില്ലെന്നും സുധാകരൻ പറഞ്ഞു. ശ്രീകണ്​ഠപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ഒ. മാധവൻ അധ്യക്ഷതവഹിച്ചു. ജാഥ ലീഡർ സജീവ് ജോസഫ് എം.എൽ.എ, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. സോണി സെബാസ്റ്യൻ, യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, തോമസ് വക്കത്താനം, പി.സി. ഷാജി, കൊയ്യം ജനാർദനൻ, ചാക്കോ പാലക്കലോടി, ബെന്നി തോമസ്​, കെ.സി. വിജയൻ, ജില്ല പഞ്ചായത്ത്​ അംഗങ്ങളായ ടി.സി. പ്രിയ, എൻ.പി. ശ്രീധരൻ, ജോജി വർഗീസ്, കെ.പി. ഗംഗാധരൻ, നഗരസഭ അധ്യക്ഷ പ്രഫ. കെ.വി. ഫിലോമിന, നൗഷാദ് ബ്ലാത്തൂർ, തങ്കച്ചൻ മാത്യു, ജോഷി കണ്ടത്തിൽ, നസീമ ഖാദർ എന്നിവർ സംസാരിച്ചു. ചുണ്ടപ്പറമ്പിൽനിന്ന്​ ശ്രീകണ്ഠപുരത്തേക്ക് നടന്ന ആദ്യ ഘട്ട പദയാത്ര ഡി.സി.സി പ്രസിഡൻറ്​ മാർട്ടിൻ ജോർജ് പതാക കൈമാറി ഉദ്ഘാടനം ചെയ്​തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. ഇരിക്കൂർ, ഉളിക്കൽ, നുച്യാട്, പയ്യാവൂർ, എരുവേശ്ശി, ചുഴലി, ചെങ്ങളായി, നിടിയേങ്ങ, ശ്രീകണ്ഠപുരം മണ്ഡലങ്ങളിൽനിന്നായി ആയിരക്കണക്കിന് പ്രവർത്തകരാണ് പദയാത്രയിൽ പങ്കെടുത്തത്. ചൊവ്വാഴ്​ച നടക്കുന്ന സമാപനം കരുവഞ്ചാലിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.