കശുമാവുകൾ പൂവിട്ടു; ഇനി പ്രതീക്ഷയുടെ പൂക്കാലം

കേളകം: മലയോര കാർഷിക മേഖലയിൽ കശുമാവുകൾ പൂവിട്ടു തുടങ്ങി. കശുവണ്ടി വിരിഞ്ഞു തുടങ്ങിയതോടെ കര്‍ഷക മനസ്സുകളില്‍ ഇനി പ്രതീക്ഷയുടെ നാളുകള്‍. ജനുവരിയോടെ കശുവണ്ടി വിളവെടുപ്പ് ആരംഭിക്കുമെങ്കിലും ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ പൂര്‍ണ വിളവെടുപ്പിന് സജ്ജമാകും. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ കശുവണ്ടിക്ക് കിലോക്ക് 100 രൂപ ലഭിച്ചെങ്കിലും വിളവെടുപ്പിന് പാകമായതോടെ വില കുത്തനെ ഇടിഞ്ഞ് 50ഉം 60 ഉം രൂപയിലേക്ക് താഴ്ന്നു. മഴ പെയ്തതോടെ വീണ്ടും വില കുത്തനെയിടിഞ്ഞു. കശുമാങ്ങയില്‍ നിന്ന് വിവധ ഉൽപന്നങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉൽപാദിപ്പിക്കാനുള്ള നിര്‍ദേശങ്ങൾ കാലങ്ങളായി കർഷകർ മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും തുടർനടപടിയില്ല. കശുമാവ് കര്‍ഷകരെ സംരക്ഷിക്കുന്നതിന്​ വിളവെടുപ്പിന് മുമ്പുതന്നെ സര്‍ക്കാര്‍ തറവില നിശ്ചയിക്കുകയും പുതുതായി കര്‍ഷകരെ ഈ രംഗത്തേക്ക് ആകർഷിക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കുകയും ചെയ്യണമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. എങ്കില്‍ മാത്രമെ അവശേഷിക്കുന്ന കശുമാവ് കര്‍ഷകരെയെങ്കിലും ഈ രംഗത്ത് പിടിച്ചു നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഫെബ്രുവരി ആദ്യവാരത്തോടെ കശുവണ്ടി വിപണി ഉണരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും കര്‍ഷകരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.