റോഡ് നവീകരണ പ്രവൃത്തി പാതിവഴിയിൽ; ദുരിതം പേറി നാട്ടുകാർ

ഇരിട്ടി: റോഡ് നവീകരണ പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ദുരിതത്തിലായി ഇരിട്ടി കുന്ന് നിവാസികൾ. ഇരിട്ടി കുന്നിലേക്കുള്ള റോഡിലൂടെ കാൽനടക്കാർക്കുപോലും കടന്നു പോകാൻ സാധിക്കാത്ത അവസ്ഥയാണ്. തലശ്ശേരി -വളവുപാറ റോഡ് നവീകരണത്തി​ൻെറ ഭാഗമായാണ് ഇരിട്ടി പാലത്തിനു സമീപത്തെ കുന്ന് ഇടിച്ചുനിരത്തി റോഡ് വീതികൂട്ടിയത്. ഇരിട്ടി പാലം ജങ്​ഷനിൽ ഉൾപ്പെടെ വീതി വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത്​ ഇരിട്ടി കുന്നുകാർക്ക്​ പാരയാവുകയായിരുന്നു. നിരവധി വീടുകളുള്ള ഈ പ്രദേശത്തേക്കുള്ള ഏക റോഡാണിത്. പായം ഗ്രാമ പഞ്ചായത്തി​ൻെറ അധീനതയിലുള്ള ഈ റോഡി​ൻെറ ഒരു ഭാഗം ഇരിട്ടി പാലം ജങ്​ഷനിലാണ്. അവിടെയുള്ള 200 മീറ്ററോളം മാത്രം ദൂരം വരുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. റോഡ് നവീകരണത്തി​ൻെറ ഭാഗമായി ഈ റോഡിലെ തകർന്ന ടാറിങ് ഉൾപ്പെടെ ഇളക്കി മാറ്റിയിരുന്നു. ഇരുചക്രവാഹനങ്ങൾ ഇതുവഴി കടന്നുപോയാൽ തെന്നിവീഴുമെന്ന കാര്യം ഉറപ്പാണ്. റോഡി​ൻെറ ഇരുവശങ്ങളിലും വലിയ ആഴത്തിലുള്ള കുഴിയും ഉണ്ട്. ഓട്ടോറിക്ഷകളാകട്ടെ ഇതുവഴി വരാൻ വിസമ്മതിക്കുകയാണ്. വലിയ ഇറക്കമിറങ്ങിയാൽ എത്തുന്നതാകട്ടെ ഇരിട്ടി പാലം ജങ്​ഷനിലേക്കാണ്. ഇതും വലിയ അപകടങ്ങൾക്ക് ഇടനൽകുന്നുണ്ട്. കെ.എസ്.ടി.പി അധികൃതർ ഇടപെട്ട്, തകർന്ന റോഡ് എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.