സി.പി.എം ജില്ല സമ്മേളനത്തിന്​ ഉജ്ജ്വല തുടക്കം

പഴയങ്ങാടി: രക്തസാക്ഷികളുടെ ​പോരാട്ട സ്​മരണയിൽ സി.പി.എം ജില്ല സമ്മേളനത്തിന്​ പഴയങ്ങാടി എരിപുരത്ത്​ തുടക്കമായി. ജില്ലയിലെ മുതിർന്ന പാർട്ടി നേതാവ്​ ഒ.വി. നാരായണൻ സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെ മൂന്നു ദിവസത്തെ സമ്മേളന നടപടികൾ തുടങ്ങി. പ്രതിനിധി സമ്മേളനം മാടായി കോഓപറേറ്റിവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെ കെ. കുഞ്ഞപ്പ, പി. വാസുദേവൻ നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം​ ചെയ്​തു. കണ്ണൂർ എ.കെ.ജി പ്രതിമയിൽനിന്ന്​ കൊണ്ടുവന്ന ദീപശിഖ ജില്ല സെക്രട്ടറി എം.വി. ജയരാജൻ സമ്മേളന നഗരിയിൽ​ കൊളുത്തി. പി. ജയരാജൻ, എം. പ്രകാശൻ മാസ്​റ്റർ, പി.കെ. ശ്യാമള എന്നിവിടങ്ങിയ പ്രസീഡിയമാണ്​ സമ്മേളനം നിയന്ത്രിക്കുന്നത്​. 18 ഏരിയകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 38 വനിതകളടക്കം 319 അംഗങ്ങളാണ്​ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്​. ഉദ്​ഘാടന സമ്മേളനത്തിന്​ പിന്നാലെ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രവർത്തന റിപ്പോർട്ട്​ അവതരിപ്പിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ റിപ്പോർട്ടിന്മേലുള്ള ചർച്ചയും കമ്മിറ്റിയുടെ മറുപടിയും നടക്കും. ഞായറാഴ്​ച പുതിയ ജില്ല കമ്മിറ്റി, ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പ്​ നടക്കും. വൈകീട്ട്​ നാലിന്​ പഴയങ്ങാടി ബസ്​സ്​റ്റാൻഡിലാണ്​ സമാപന സമ്മേളനം. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്​ണൻ, എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, പി​. മോഹനൻ, എം.വി. ബാലകൃഷ്​ണൻ തുടങ്ങിയവരും സമ്മേളനത്തിൽ പ​ങ്കെടുക്കുന്നുണ്ട്​. ഉദ്​ഘാടന സെഷനിൽ സ്വാഗതസംഘം ചെയർമാൻ ടി.വി. രാജേഷ്​ സ്വാഗതം പറഞ്ഞു. കെ-റെയിലിനെ എതിർക്കുന്ന വികസന വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്ന്​ ജില്ല സമ്മേളനം പാസാ​ക്കിയ പ്രമേയം ആവശ്യപ്പെട്ടു. പടം: സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.