ജോലിയുള്ളവര്‍ ഭാരവാഹിയാകേണ്ട; ചുഴലി ലോക്കല്‍ സെക്രട്ടറിയെ മാറ്റി

ശ്രീകണ്ഠപുരം: സമ്മേളനം തിരഞ്ഞെടുത്ത ലോക്കല്‍ സെക്രട്ടറിയെ രണ്ടാഴ്ചക്ക് ശേഷം സി.പി.എം മാറ്റി. ചുഴലി ലോക്കല്‍ സെക്രട്ടറി പി.വി. രാജേഷിനെ മാറ്റിയാണ് എം. വേലായുധനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മുഴുവന്‍സമയ പ്രവര്‍ത്തകരാവണം പാര്‍ട്ടി സ്ഥാനം വഹിക്കേണ്ടതെന്ന സംസ്ഥാന കമ്മിറ്റി തീരുമാനം കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ല കമ്മിറ്റി തീരുമാനിച്ചതോടെയാണ് സെക്രട്ടറിയെ മാറ്റിയത്. സഹകരണ ബാങ്ക് ജീവനക്കാരനാണ് രാജേഷ്. ലോക്കല്‍ സമ്മേളനം കഴിഞ്ഞതോടെ ജില്ലയില്‍ സഹകരണ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ചിലര്‍ ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയിരുന്നു. അവരെയെല്ലാം ഒഴിവാക്കും. ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ നാലുവര്‍ഷം അവധിയെടുത്ത് പൂര്‍ണസമയ പ്രവര്‍ത്തകരാകണം. അല്ലെങ്കില്‍ ഒഴിയണം. ഇതാണ് നേതൃത്വത്തി​ൻെറ തീരുമാനം. എന്നാല്‍, ശമ്പളമില്ലാത്ത അവധിയെടുത്ത് സെക്രട്ടറിയായി തുടരാന്‍ പലര്‍ക്കും താല്‍പര്യമില്ല. അതിനാല്‍ അവരൊക്കെ സെക്രട്ടറി സ്ഥാനം ഒഴിയും. സെക്രട്ടറിമാർക്ക് മാസം ചെറിയ തുക മാത്രമാണ് പാർട്ടി നൽകുന്നത്. നേതൃത്വത്തി​ൻെറ തീരുമാനം അനുസരിച്ച് രാജേഷ് ലോക്കല്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. കഴിഞ്ഞ തവണ സെക്രട്ടറിയായിരുന്ന പി. പ്രകാശനെ മാറ്റിയായിരുന്നു സമ്മേളനം രാജേഷിനെ തിരഞ്ഞെടുത്തത്. പുതിയ ലോക്കല്‍ കമ്മിറ്റി യോഗംചേര്‍ന്നാണ് എം. വേലായുധനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ല സെക്രട്ടേറിയറ്റ്​ അംഗം പി.വി. ഗോപിനാഥ്, ഏരിയ സെക്രട്ടറി അഡ്വ. എം.സി. രാഘവന്‍, ഏരിയ കമ്മിറ്റി അംഗം എം. വേലായുധന്‍, പി. പ്രകാശന്‍, പി.പി.വി. പ്രഭാകരന്‍ എന്നിവര്‍ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.