ദേശീയപാത; ഓർമയാവുന്നത് പ്രകൃതിക്കിണങ്ങിയ കെട്ടിടങ്ങൾ

പയ്യന്നൂർ: രണ്ടോ മൂന്നോ നില. ചുറ്റും വിശാലമായ വരാന്ത. കെട്ടിപ്പൊക്കിയ സാക്ഷാൽ കെട്ടിടത്തി​ൻെറ ചുവരിൽ മണ്ണ്​ പിടിപ്പിച്ച് താഴോട്ട് ഇറങ്ങുന്നതാണ് വരാന്തകൾ. ആകെക്കൂടി പരിസ്ഥിതിക്കിണങ്ങുന്ന പ്രകൃതിയുടെ സന്തുലനം നിലനിർത്തുന്ന നിർമിതി. ഈ വാസ്​തുശിൽപം അത്യുത്തരകേരളത്തിലെ പഴയ വ്യാപാരസ്ഥാപനങ്ങളുടേതാണ്. ദേശീയപാത വികസനത്തോടെ ഇത്തരം നൂറുകണക്കിന് കെട്ടിടങ്ങളാണ് ഇല്ലാതാവുന്നത്. ആദ്യം പുല്ലും ഓലയും മേഞ്ഞതായിരുന്നു കെട്ടിടങ്ങൾ. പിന്നീടത് മരത്തിനും ഓടിനും വഴിമാറി. ഓടുമേഞ്ഞ കെട്ടിടങ്ങളുടെ കഴുക്കോലുകൾ ഏറെ കലാപരമായാണ് നിർമിച്ചിരുന്നത്. അതുപോലെ തറ, തൂണുകൾ, ചുമർ എന്നിവയും വാസ്​തുശിൽപങ്ങൾ തന്നെ. തറക്കും ചുമരിനും ദളം, പടി, ചെടി, സ്​തംഭം തുടങ്ങിയവ. തൂണുകൾക്ക് പ്രത്യേക വാസ്​തുശിൽപ ശൈലിതന്നെയുണ്ട്. ചെങ്കല്ല് ചെത്തിമിനുക്കിയാണ് നിർമിതി. കണ്ണൂരിനും പയ്യന്നൂരിനുമിടയിൽ ഇത്തരം എൺപതിലധികം കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. മരത്തി​ൻെറ മച്ച് പണിതാണ് രണ്ടാം നില പണിയാറുള്ളത്. മച്ചിൽ ചിതലിനെയകറ്റാൻ കഴിവുള്ള സസ്യത്തി​ൻെറ ഇല വിരിച്ച് മണ്ണിടും. ഇങ്ങനെ വിരിക്കുന്ന ഇലകൾക്ക് മച്ചിൻ തോൽ എന്നാണ് പറയാറുള്ളതെന്ന് പഴയകാല കെട്ടിടനിർമാണ ശിൽപികൾ പറഞ്ഞു. ആദ്യകാലങ്ങളിൽ പാർട്ടി ഓഫിസുകളായിരിക്കും മുകളിലത്തെ നില. താഴെ അനാദിക്കടയും ചായക്കടയും. ഈ ചായക്കടകളാണ് പഴയകാല ചരിത്രനിർമിതിയുടെയും രാഷ്​ട്രീയ സംവാദങ്ങളുടെയും കേന്ദ്രം. മിക്ക കെട്ടിടങ്ങൾക്കും നിരപ്പലകകളാണ് വാതിൽ. പലകകൾ കോർത്ത് മധ്യത്തിൽ വലിയ കമ്പിവെച്ച് പൂട്ടുന്നരീതിയാണ് അവലംബിച്ചിരുന്നത്. അടക്കാനും തുറക്കാനും സമയം ആവശ്യമാണെങ്കിലും ഇരുമ്പു ഷട്ടറിനെ അപേക്ഷിച്ച് ഉറപ്പും പരിസ്ഥിതി സൗഹൃദവുമാണിവ. കെട്ടിടങ്ങൾക്കകത്ത് തണുപ്പ് നിലനിൽക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. പൊളിച്ച മിക്ക കെട്ടിടങ്ങൾക്കും ഉപയോഗിച്ചിരുന്നത് മംഗളൂരുവിൽനിന്നുള്ള ഓടുകളാണ്. ഇവ ഒരു നൂറ്റാണ്ടു മുമ്പ് നിർമിച്ചവയുമാണ്. എങ്കിലും ഒരു ഓടിനുപോലും പോറൽ ഏറ്റിരുന്നില്ലെന്ന് കടയുടമകൾ പറയുന്നു. പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾക്ക് പിറകിൽ ദേശീയ പാതക്ക്​ അളന്നിട്ടതിനപ്പുറം പുതിയ കെട്ടിടങ്ങളുയർന്നു. എന്നാൽ, ഇവയെല്ലാം പരിസ്ഥിതി സൗഹൃദമല്ലാത്ത അൽപായുസ്സായ കോൺക്രീറ്റ്​ നിർമിതികളാണെന്നുമാത്രം. പി.വൈ.ആർ എൻ.എച്ച്. പരിയാരം ഏമ്പേറ്റിൽനിന്ന് പൊളിച്ചുമാറ്റിയ പഴയ കെട്ടിടങ്ങൾ (ഫയൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.