വീടെടുക്കാൻ ഡി.എസ്‌.സിയുടെ നിരാക്ഷേപ പത്രം: പ്രശ്‌ന പരിഹാരത്തിന് കലക്ടര്‍

കണ്ണൂർ: പയ്യാമ്പലം, കണ്ണൂര്‍ ജില്ല ആശുപത്രി പരിസരങ്ങളില്‍ വീട് നിര്‍മാണത്തിന് ഡി.എസ്‌.സിയുടെ (പ്രതിരോധ സംരക്ഷണ സേന) നിരാക്ഷേപ പത്രം ലഭിക്കുന്നില്ലെന്ന പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര പ്രതിരോധ വകുപ്പി​ൻെറ ഉത്തരവി​ൻെറയും കേരള ഹൈകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ജില്ല കലക്ടര്‍ പ്രത്യേക ഉത്തരവ് പുറത്തിറക്കും. കലക്ടര്‍ എസ്​. ചന്ദ്രശേഖറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. മേയര്‍ ടി.ഒ. മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ഡി.എസ്‌.സി പ്രതിനിധി കേണല്‍ ഗൗതം രവിപാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പ്രതിരോധ വകുപ്പ് ഭൂമിയില്‍നിന്ന് 10 മീറ്റര്‍ പരിധിക്ക് പുറത്തുള്ള നിര്‍മാണങ്ങള്‍ക്ക് നിരാക്ഷേപ പത്രം ആവശ്യമില്ലെന്ന് കേന്ദ്ര പ്രതിരോധ വകുപ്പി​ൻെറ 2016 ഒക്‌ടോബര്‍ 21ൻെറ ഉത്തരവ് വ്യക്തമാക്കുന്നുണ്ടെന്ന് കലക്ടര്‍ ചൂണ്ടിക്കാണിച്ചു. ഈ വ്യവസ്ഥ അംഗീകരിച്ച് കേരള ഹൈകോടതിയുടെ വിധിയുമുണ്ട്. 2016ലെ ഉത്തരവ് ഭേദഗതി വരുത്തുകയോ അത് റദ്ദാക്കുകയോ ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് ഉണ്ടാവുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ഈ വ്യവസ്ഥയാണ് നിലനില്‍ക്കുകയെന്നും കലക്ടര്‍ വിശദീകരിച്ചു. കോഴിക്കോട്ടും സമാന സാഹചര്യം ഉണ്ടായിരുന്നു. അവിടെ പ്രശ്‌നം പരിഹരിച്ചതും ഈ അടിസ്ഥാനത്തിലാണ്. അതിനാല്‍ കണ്ണൂരിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കലക്ടറുടെ നടപടിക്രമം പുറത്തിറക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്. ഇതുപ്രകാരം പ്രതിരോധ ഭൂമിയുടെ 10 മീറ്റര്‍ പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ നിര്‍മാണത്തിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ കോർപറേഷന് ചട്ടപ്രകാരം അനുമതി നല്‍കാമെന്നും കലക്ടര്‍ വ്യക്തമാക്കി. പുതിയ ബസ്‌ സ്​റ്റാൻഡില്‍നിന്ന് ജില്ല ആശുപത്രി സ്​റ്റാൻഡിലേക്കുള്ള റോഡ്​ ടാര്‍ ചെയ്യുന്നതിന് ഡി.എസ്‌.സിക്ക് പ്രപ്പോസല്‍ സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഡി.എസ്‌.സി ഭൂമിയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. അനുമതി നല്‍കിയാല്‍ ആവശ്യമായ ഫണ്ട് കോർപറേഷനോ സ്ഥലം എം.എല്‍.എയോ അനുവദിക്കും. ബേബി ബീച്ചില്‍ ഗേറ്റ് സ്ഥാപിച്ചതിനാല്‍ പ്രദേശവാസികളായ കുടുംബങ്ങള്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്ക് പുറത്തുപോകാന്‍ പ്രയാസമാകുന്നുവെന്ന വിഷയം പരിഹരിക്കാന്‍ കണ്ണൂര്‍ തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ പരിഹാര നിര്‍ദേശം സമര്‍പ്പിക്കും. സൻെറ്​ മൈക്കിള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് സ്‌കൂളിലേക്ക് പ്രവേശിക്കാനും തിരിച്ചുപോകാനും വഴി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ഡി.എസ്‌.സിയോട് ആവശ്യപ്പെട്ടു. ദീര്‍ഘകാലമായി ഉപയോഗിച്ചുവന്നിരുന്ന ഗ്രൗണ്ട് വേലികെട്ടി തിരിച്ചത് സ്‌കൂളി​ൻെറ പ്രവര്‍ത്തനത്തിന് പ്രയാസം സൃഷ്​ടിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് സാധ്യമായ നടപടിയെടുക്കാമെന്ന് കേണല്‍ ഗൗതം രവിപാല്‍ അറിയിച്ചു. എ.ഡി.എം കെ.കെ. ദിവാകരന്‍, കോർപറേഷന്‍ സെക്രട്ടറി ഡി. സാജു, കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ്ചന്ദ്ര ബോസ് എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.