പയ്യന്നൂർ നഗരത്തിൽ നിരീക്ഷണ കാമറകൾ വരുന്നു

പയ്യന്നൂർ: നഗരസഭ പരിധിയിൽ വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന് തീരുമാനം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിതയുടെ അധ്യക്ഷതയിൽ നഗരസഭ ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം. മാലിന്യം വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് തടയുന്നതി​ൻെറ ഭാഗമായാണ് കാമറകൾ സ്ഥാപിക്കുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാമൂഹിക വിരുദ്ധ പ്രവർത്തനം തടയുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്​കരിക്കാനും അജൈവ മാലിന്യങ്ങൾ വൃത്തിയാക്കി തരംതിരിച്ച് ഹരിത കർമസേനയെ എൽപിച്ച് അവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമുള്ള പദ്ധതി ഇതിനോടകം തന്നെ നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്. തുടർന്നും മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള നടപടിയുടെ ഭാഗം കൂടിയാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അജൈവ മാലിന്യങ്ങൾ വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചുവരുന്നുമുണ്ട്. ഇത്തരം സൗകര്യങ്ങൾ ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ നഗരസഭക്കകത്തുള്ളവരും മറ്റ് പ്രദേശങ്ങളിൽ നിന്നും നഗരസഭക്കകത്ത് മാലിന്യം കൊണ്ടിടുന്നുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി, ചേംബർ ഓഫ് കോമേഴ്സ്, ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ്​ അസോസിയേഷൻ, ബാങ്ക് എന്നിവരുടെ സഹകരണത്തോടെ ആദ്യഘട്ടത്തിൽ 20 കേന്ദ്രങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കാമറ സ്ഥാപിക്കുന്നവരുടെയും വിദഗ്ധരുടെയും സ്ഥാപനങ്ങളുടെയും യോഗം തുടർന്നും വിളിച്ചുചേർക്കും. 20 കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നതിന് നാലുലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ ചെലവഴിക്കുക. നഗരസഭക്കകത്തെ കോഴി, അറവുമാലിന്യം സംസ്കരിക്കുന്നതിന് മട്ടന്നൂരിലെ റൻററിങ്​ പ്ലാൻറിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ടെന്നും ചെയർപേഴ്സൻ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി അധ്യക്ഷരായ സി. ജയ, വി. ബാലൻ, വി.വി.സജിത, ടി. വിശ്വനാഥൻ, സെമീറ ടീച്ചർ, സെക്രട്ടറി എം.കെ. ഗിരീഷ്, എൻജിനീയർ ഉണ്ണികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ, സബ് ഇൻസ്പെക്ടർ വിജേഷ്, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. പടം പി. വൈ. ആർ നഗരസഭ പയ്യന്നൂരിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ ചെയർപേഴ്സൻ കെ.വി. ലളിത സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.