മരിച്ചവരുടെ പെന്‍ഷന്‍ തട്ടിയെടുക്കുന്നതായി പരാതി

ശ്രീകണ്ഠപുരം: മരിച്ചവരുടെ സാമൂഹികസുരക്ഷ പെന്‍ഷന്‍ തട്ടിയെടുക്കുന്നതായി പരാതി. മലപ്പട്ടം അടിച്ചേരിയിലെ മരുതിയോടന്‍ പുത്തന്‍വീട്ടില്‍ ഷാജിയാണ് തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഷാജിയുടെ മാതാവ് എം.പി. യശോദ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 11 നാണ് മരിച്ചത്. അവര്‍ സാമൂഹികസുരക്ഷ പെന്‍ഷന്‍ (വാര്‍ധക്യം) അതുവരെ വാങ്ങിയിരുന്നു. മലപ്പട്ടം പഞ്ചായത്ത് മുഖേന മലപ്പട്ടം സര്‍വിസ് സഹകരണ ബാങ്കിലെ ജീവനക്കാരാണ് പെന്‍ഷന്‍ തുക വീട്ടിലെത്തിച്ചിരുന്നത്. എന്നാല്‍, മാതാവ് മരിച്ചിട്ട് ഒന്നരവര്‍ഷമായിട്ടും പെന്‍ഷന്‍ തുക ബാങ്കില്‍ എത്താറുണ്ട്​. പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ പെന്‍ഷന്‍ തുക ആരോ തട്ടിയെടുക്കുന്നതായി സംശയിക്കുന്നുവെന്ന് ഷാജി പരാതിയില്‍ പറയുന്നു. പിന്നീട് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തില്‍ സാമൂഹികസുരക്ഷ പെന്‍ഷന്‍ വാങ്ങുന്നവരുടെ മേല്‍വിലാസം സഹിതമുള്ള പട്ടിക കഴിഞ്ഞ ജൂലൈ 13ന് ഷാജിക്ക് ലഭിച്ചിരുന്നു. ഈ പട്ടികയിൽ ഒന്നരവര്‍ഷം മുമ്പ് മരിച്ച മാതാവ് എം.പി. യശോദയുടെ പേരും ഉള്‍പ്പെട്ടതായി ഷാജി കണ്ടെത്തി. പെന്‍ഷന്‍ വാങ്ങുന്ന നിരവധിപേര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മലപ്പട്ടം പഞ്ചായത്തില്‍ മരിച്ചിട്ടുണ്ട്. എന്നാല്‍, ഷാജിക്ക് ലഭിച്ച പട്ടികയിൽ മരണമടഞ്ഞ പലരും ഉള്‍പ്പെട്ടിട്ടുണ്ട്. അനധികൃതമായി ആരെങ്കിലും പെന്‍ഷന്‍ തുക തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ സര്‍ക്കാറിലേക്ക് തിരിച്ചടപ്പിക്കണമെന്നും സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കണമെന്നും ഷാജി പരാതിയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.