മലയോര മണ്ണിലും ഇനി ചോളം..

മലയോര മണ്ണിലും ഇനി ചോളം.. പടം: ജോസഫ് ചോളപ്പാടത്ത്​മൂന്നേക്കർ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചോളം കൃഷി വൻവിജയംഇരിട്ടി: ആന്ധ്രയിലും കർണാടകയിലും മറ്റും കൃഷി ചെയ്യുന്ന ചോളത്തിന്​ മലയോര മണ്ണും കാലാവസ്ഥയും അനുയോജ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് അയ്യങ്കുന്ന് പഞ്ചായത്തിൽ കരിക്കോട്ടക്കരിയിലെ ചൊളിയിൽ ജോസഫ്. റബറും കശുവണ്ടിയും വിളയുന്ന മലയോരത്തെ ലാറ്ററൈറ്റ് മണ്ണിൽ പരിചിതമല്ലാത്ത ചോളം കൃഷിയും ചുവടുറപ്പിക്കുകയാണ്. വർഷങ്ങളായി റബർ കൃഷി ചെയ്ത മൂന്നേക്കർ സ്ഥലം പാട്ടത്തിനെടുത്ത് പരീക്ഷണാടിസ്ഥാനത്തിൽ ജോസഫ് നടത്തിയ ചോളം കൃഷി വൻവിജയമായി മാറിയതോടെ ഏറെ പേരാണ് കൃഷി കാണാനും കൃഷി രീതി അറിയാനും എത്തുന്നത്. പാട്ടഭൂമിയിൽ അരയേക്കർ സ്ഥലമാണ് ജോസഫ് ചോളം കൃഷിക്കായി മാറ്റിയത്. മൈസൂരുവിൽ തോട്ടം മേഖലയിൽ തൊഴിലെടുക്കുന്ന സൃഹൃത്താണ് വിത്ത് എത്തിച്ചുനൽകിയത്. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ വീട്ടുപറമ്പിൽ ചോളം നട്ടപ്പോൾ ലഭിച്ച മികച്ച വിളവാണ് ജോസഫിനെ ഇതിലേക്ക് ആകർഷിച്ചത്. വിത്ത് ലഭിക്കുകയാണെങ്കിൽ ചെറിയ ഉൽപാദന ചെലവിൽ വിളവ് ലഭിക്കുന്ന കൃഷിയാണ് ചോളമെന്ന് ജോസഫ് പറഞ്ഞു. മൂന്നുമാസം കൊണ്ടാണ് ചോളം പൂത്ത് കായ്​യായത്. വിപണിയിൽ കിലോക്ക് 30 മുതൽ 40 രൂപവരെ വില ലഭിക്കുന്നതിനാൽ ചെറിയ ഉൽപാദന ചെലവിലും കുറഞ്ഞ കാലം കൊണ്ടും നല്ല വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നതാണ് ഇതി​ൻെറ ഗുണമെന്ന് ജോസഫ് പറഞ്ഞു.നിലം കിളച്ചിട്ട് തട്ടുകളാക്കിയാണ് വിത്തിടുന്നത്. നിശ്ചിത അകലത്തിൽ വരികളായും നിരകളായും വളരുന്ന ചോളപ്പാടം ആകർഷണ കാഴ്ചയാണ്. കർണാടകത്തിൽ സർക്കാർ കൃഷിഭവൻ മുഖേന മാത്രമേ വിത്ത് വിതരണം ചെയ്യുന്നുള്ളു. വിത്ത് ലഭിക്കാനുള്ള സാഹചര്യം ഉണ്ടായാൽ ചെറിയ സ്ഥലത്തുപോലും കൃഷിയിറക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അന്തർ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ചോളത്തിന് ആളുകൾക്കിടയിൽ ഏറെ പ്രിയമുണ്ട്. ചോളത്തി​ൻെറ ഇലകൾ മാറ്റി ഉപ്പിട്ട് പുഴുങ്ങിയും മറ്റും ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട്. ക്ഷീര കർഷകർക്ക് നല്ല തീറ്റപ്പുല്ലായും ചോളം ചെടിയെ ഉപയോഗിക്കാം. കുടുംബശ്രീ യൂനിറ്റുകൾക്ക് അധികം മുതൽമുടക്കില്ലാതെ ചെയ്യാൻ പറ്റുന്ന കൃഷി എന്ന നിലയിൽ മേഖലയിൽ വൻ സാധ്യതയാണുള്ളത്. നിരവധി കുടുംബശ്രീ അംഗങ്ങൾ കൃഷി കാണാൻ എത്തുന്നുണ്ടെന്ന് ജോസഫ് പറഞ്ഞു. ചോളത്തിന് പുറമെ എള്ള്്, കൂർക്ക എന്നിവയും കൃഷിയിറക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.