വ്യാജരേഖ ചമച്ച് ആസ്തികൾ തട്ടിയവർക്കെതിരെ കേസെടുക്കണമെന്ന്

തലശ്ശേരി: വ്യാജരേഖ ചമച്ച് പെരിങ്ങാടി മുസ്​ലിം റിലീഫ് കമ്മിറ്റിയുടെ ആസ്തികൾ തട്ടിയെടുത്തവർക്കെതിരെ കേസെടുക്കണമെന്ന് സ്ഥാപക ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ സ്ഥാപക ജോയൻറ് സെക്രട്ടറി പെരിങ്ങാടി തൻഈമിൽ കൊമ്മോത്ത് മൂസ്സു, സ്ഥാപക കമ്മിറ്റിയംഗം പെരിങ്ങാടി പീയംസീസ് ഹൗസിൽ വള്ളിയിൽ നജീബ് എന്നിവർ ന്യൂ മാഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കേസെടുക്കാൻ പൊലീസ് തയാറാവുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. മുസ്​ലിം ലീഗ്​ മുൻ പ്രാദേശിക നേതാവായ പെരിങ്ങാടിയിലെ കെ.കെ. ബഷീർ, സഹോദരൻ കെ.കെ. അബ്​ദുൽ റഹീം, ന്യൂ മാഹിയിലെ കെ.കെ. ഫൈസൽ, പെരിങ്ങാടിയിലെ എൻ.വി. മുഹമ്മദലി എന്നിവർക്കെതിരെയാണ് പരാതി. 1989ൽ രജിസ്​റ്റർ ചെയ്ത സൊസൈറ്റിയാണിത്‌. കെ.കെ. ബഷീറായിരുന്നു സൊസൈറ്റിയുടെ സ്ഥാപക പ്രസിഡൻറ്​. ഇദ്ദേഹം ഈയിടെ മുസ്​ലിം ലീഗുമായി അകന്ന് സി.പി.എമ്മിൽ പ്രവർത്തിച്ചു വരകയാണ്. സൊസൈറ്റിയുടെ സ്ഥലം ബഷീർ സ്വന്തം പേരിൽ രജിസ്​റ്റർ ചെയ്തുവെന്നാണ് പരാതിക്കാരുടെ ആരോപണം. സൊസൈറ്റി അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് ഇത് മാറ്റിയിട്ടുണ്ട്. എന്നാൽ, ബഷീർ വ്യാജ ട്രസ്​റ്റ് രൂപവത്കരിച്ച് സൊസൈറ്റിക്ക് അവകാശപ്പെട്ട പെരിങ്ങാടിയിലെ ഒരു കോടി വിലമതിക്കുന്ന മൂന്ന് നില കെട്ടിടവും ഭൂമിയും ട്രസ്​റ്റി‍ൻെറ പേരിൽ തലശ്ശേരി സബ് രജിസ്ട്രാർ ഓഫിസിലെ രേഖയിൽ എഴുതിച്ചേർത്തിട്ടുണ്ട്. വസ്തു തട്ടിയെടുക്കാൻ സി.പി.എം നേതാക്കളുമായി ഗൂഢാലോചന നടത്തിയതായും മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ.കെ.എ. ലത്തീഫ് ആരോപിച്ചു. ഇത് ഇന്ത്യൻ ശിക്ഷാനിയമം 465, 467, 471, 406 റെഡ് വിത്ത് 120 ബി വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ടി.എച്ച്. അസ്​ലം, കെ. സുലൈമാൻ, വള്ളിയിൽ നജീബ്, പി.പി. മുഹമ്മദലി, എം.പി. നാസർ എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.