കലിതുള്ളി മഴ: ഭീതിയോടെ മലയോര ജനത

കലിതുള്ളി മഴ: ഭീതിയോടെ മലയോര ജനതശ്രീകണ്ഠപുരം: ശമനമില്ലാതെ കനത്ത മഴ തുടരുന്നതിനാൽ മലമടക്കുഗ്രാമങ്ങളിലുള്ളവരും പ്രളയ ദുരിതമനുഭവിച്ചവരും ആശങ്കയിൽ. ഞായറാഴ്ച രാവിലെയോടെ തുടങ്ങിയ മഴ ഇനിയും തോർന്നിട്ടില്ല. ചൊവ്വാഴ്ച പകൽ അൽപനേരം ശക്തി കുറഞ്ഞെങ്കിലും വൈകീട്ടോടെ മഴ കനത്തു പെയ്യുകയാണ്.മുൻ വർഷങ്ങളിൽ വ്യാപക നാശനഷ്​ടമുണ്ടായ പയ്യാവൂർ, ചന്ദനക്കാംപാറ, കാഞ്ഞിരക്കൊല്ലി, കുന്നത്തൂർ, ആടാംപാറ, വഞ്ചിയം ഭാഗങ്ങളിലെല്ലാം മഴ കനത്തത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി കർണാടക വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മലയോരത്തെ പുഴകളാകെ കവിഞ്ഞിരിക്കുകയാണ്.നിലവിലും ഇവിടങ്ങളിൽ സ്ഥിതി ഭീകരമാണ്. ശ്രീകണ്ഠപുരം, ചെങ്ങളായി ടൗണുകൾ മുൻവർഷങ്ങളിൽ ദിവസങ്ങളോളം പ്രളയത്തിനടിയിലായിരുന്നു. ഇത്തവണ അതുണ്ടായില്ലെന്ന ആശ്വാസത്തിൽ വ്യാപാരികളും മറ്റും കഴിയുമ്പോഴാണ് കാലം തെറ്റിയ മഴ തിമിർത്തു പെയ്യുന്നത്. ഇനിയൊരു പ്രളയം കൂടി താങ്ങാനാവില്ലെന്നുപറഞ്ഞ് വ്യാപാരികൾ പ്രാർഥനയോടെ കഴിയുകയാണ്. ക്വാറി പ്രദേശങ്ങളിലെ മലകൾ പലതും ഉരുൾപൊട്ടൽ ഭീഷണി സൃഷ്​ടിക്കുന്നുണ്ട്. ചെങ്ങളായി കൊവ്വപ്പുറം, തേർലായി ദ്വീപ്, ശ്രീകണ്ഠപുരം, മലപ്പട്ടം കൊളന്ത ഭാഗങ്ങളിലെല്ലാം വെള്ളപ്പൊക്കത്തെ തുടർന്ന് മുൻ വർഷങ്ങളിൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുക പതിവായിരുന്നു. ഇവിടങ്ങളിലുള്ളവരും മഴ തുടരുമ്പോൾ ആധിയോടെയാണ്​ കഴിയുന്നത്​. പൊലീസും അഗ്നിശമന സേനയും മലയോരത്തെ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചന്ദനക്കാംപാറ ഒന്നാം പാലം വളവിൽ കഴിഞ്ഞ ദിവസം കനത്ത മണ്ണിടിച്ചിലിൽ മരങ്ങളും വൈദ്യുതി തൂണുകളും കമ്പിയും ഉൾപ്പെടെ പൊട്ടിവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് പുനഃസ്ഥാപിച്ചിട്ടുണ്ട്. ആടാംപാറ പ്രദേശത്ത് മണ്ണിടിച്ചിൽ തുടരുന്നത് ജനവാസ കേന്ദ്രങ്ങളിൽ ദുരിതമുണ്ടാക്കി. കാഞ്ഞിരക്കൊല്ലി ശശിപ്പാറ ടൂറിസ്​റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന കാസ്മി തോടിന്‍റെ കലുങ്കിന്‍റെ പാർശ്വഭിത്തിയുൾപ്പെടെ മഴ വെള്ളത്തിന്‍റെ കുത്തൊഴുക്കിൽ തകർന്നതിനാൽ ഇവിടെയും ഗതാഗതം നിലച്ചിട്ടുണ്ട്. മരം വീണ് വൈദ്യുതി തൂണുകളും ലൈനുകളും റോഡുകളിലും ഉൾപ്രദേശങ്ങളിലും നിലംപതിച്ചിരുന്നു. അവയെല്ലാം പുന:സ്ഥാപിച്ചുവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.