ഇനിയും എത്രനാൾ സഹിക്കണം ചെമ്പന്തൊട്ടി-നടുവിൽ ദുരിതയാത്ര?

ഇനിയും എത്രനാൾ സഹിക്കണം ചെമ്പന്തൊട്ടി-നടുവിൽ ദുരിതയാത്ര?മന്ത്രിയുടെ ഉറപ്പും ഫലംകണ്ടില്ല, ശ്രീകണ്ഠപുരം -ചെമ്പന്തൊട്ടി-നടുവിൽ റോഡിലാണ് ദുരിതയാത്രനടുവിൽ ടൗണിനടുത്ത് തകർന്ന റോഡിലൂടെ വെള്ളം ഒഴുകുന്നുശ്രീകണ്ഠപുരം: പ്രഖ്യാപനങ്ങൾ ജലരേഖയായതോടെ ശ്രീകണ്ഠപുരം- ചെമ്പന്തൊട്ടി-നടുവിൽ യാത്ര ദുഷ്കരമായി തുടരുന്നു. നടുവൊടിഞ്ഞ് ജനങ്ങൾ നരകയാത്ര നടത്തുമ്പോഴും പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പുപോലും ഇതുവരെ ഫലംകണ്ടില്ല. ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസംഓൺലൈനിൽ പരാതി നൽകിയയാൾക്ക് വകുപ്പ് മന്ത്രി നൽകിയ ഉറപ്പാണ് പാഴായത്. പരാതി പറഞ്ഞതിനെ തുടർന്ന് തത്സമയം മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് അന്ന് മറുപടി നൽകിയത്. റോഡ് കുഴികളടച്ച് ജൂലൈ 15നകം ഗതാഗതയോഗ്യമാക്കുമെന്നാണ് മന്ത്രിക്ക് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയത്. ഇതനുസരിച്ച് പരാതിക്കാരന് മന്ത്രി മറുപടി നൽകുകയാണുണ്ടായത്. എന്നാൽ, നിലവിൽ കുഴികൾ നിറഞ്ഞ് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഓവുചാലുകൾ നികത്തിയതിനാൽ വെള്ളം റോഡിലൂടെ ഒഴുകിയതാണ് തകർച്ചക്ക് പ്രധാന കാരണം. മഴപെയ്താൽ നടുവിൽ ടൗണിനടുത്ത് വെള്ളം കെട്ടിനിന്ന് ചളി പ്രളയമാണുണ്ടാവുന്നതെന്ന് വ്യാപാരികളും മറ്റും പറയുന്നു.ശ്രീകണ്ഠപുരം കൊട്ടൂർവയൽ മുതൽ ടൗൺവരെ പൂർണമായി തകർന്നുകിടക്കുകയാണ്. കൊക്കായി മുതൽ നടുവിൽവരെ റോഡരികുകൾ പോലും വലിയ അപകടക്കെണിയായി മാറിയിട്ടുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ് ചെറുവാഹനങ്ങൾക്കുപോലും പോകാൻ സാധിക്കുന്നില്ല.10 കി.മീ ദൈർഘ്യമുള്ള റോഡിൽ ടാറിങ് നടന്നിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. യു.ഡി.എഫി​ൻെറയും എൽ.ഡി.എഫി​ൻെറയും സർക്കാറുകൾ ബജറ്റിൽതന്നെ റോഡിനായി തുക നീക്കിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് വേളകളിൽ സ്വപ്നപാതയാക്കി മാറ്റുമെന്നുവരെ പ്രഖ്യാപിച്ചു. ഒന്നും വന്നില്ല.ഏറ്റവും ഒടുവിൽ കിഫ്ബി വഴി 31.91 കോടി രൂപ അനുവദിച്ചതായാണ് അറിയിച്ചിരുന്നത്. അതും കടലാസിലൊതുങ്ങിയ മട്ടാണ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ കുടിയേറ്റ മലയോരപ്രദേശങ്ങളിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തിലേക്കെത്താനുള്ള പ്രധാന റോഡാണിത്. മൈസൂരു റോഡിലേക്കും ഇതുവഴിയാണ് സഞ്ചരിക്കേണ്ടത്.ചെറുപുഴയിൽനിന്ന് മലയോര ഹൈവേ കടന്നുപോകുന്നതിനാൽ നടുവിൽ ടൗൺവരെ നല്ല റോഡാണ്. ഹൈവേ പിന്നീട് പുറഞ്ഞാൺ വഴി ചെമ്പേരി - പയ്യാവൂർ വഴിയാണ് പോകുന്നത്. നടുവിൽനിന്ന് ചെമ്പന്തൊട്ടി -ശ്രീകണ്ഠപുരം വരെ എത്തിപ്പെടാനാണ് അതിദയനീയയാത്ര നടത്തേണ്ടിവരുന്നത്. പാലക്കയം തട്ട്, മുന്നൂർ കൊച്ചി ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലയിലേക്ക് പോകാനും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.ശ്രീകണ്ഠപുരം നഗരസഭയെയും നടുവിൽ ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡുവഴി സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ദുരിതയാത്ര പതിവായിട്ടും അധികൃതർ കണ്ണ് തുറക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ രാഷ്​ട്രീയപാർട്ടികളും മറ്റ് സംഘടനകളും പലതവണ സമരപരിപാടികൾ നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.