മലയോരത്ത്​ കോവിഡ് കുതിപ്പ്​

കേളകം: മലയോരത്ത്​ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, പേരാവൂർ പഞ്ചായത്തുകളിലാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. ഇതോടെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പും പഞ്ചായത്തുകളും. ആദ്യം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിരുന്ന പല പഞ്ചായത്തുകളിലും നിലവില്‍ രോഗികളുടെ വന്‍ വര്‍ധനയാണ്. കൊട്ടിയൂര്‍ പഞ്ചായത്തില്‍ 94 കോവിഡ് രോഗികള്‍ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പി​ൻെറ കണക്ക്. ഇതില്‍ 29 രോഗികള്‍ മന്ദംചേരി മേലെ കോളനിവാസികളാണ്. ഇവര്‍ പുറത്തുപോകാതെയും മറ്റുള്ളവരുമായി സമ്പര്‍ക്കം ഇല്ലാതെയും കടുത്ത ജാഗ്രത പുലര്‍ത്തുകയാണ് ആരോഗ്യവകുപ്പ്. കൂടാതെ ഒമ്പതാം വാര്‍ഡ് ഉള്‍പ്പെടുന്ന സ്ഥലമായതിനാല്‍ ഇവിടെ കണ്ടെയിൻമൻെറ്​ സോണായി പ്രഖ്യാപിച്ചിട്ടുമുണ്ട്. കേളകം പഞ്ചായത്തില്‍ 82 കോവിഡ് രോഗികളാണ് ഉള്ളത്. ഇതില്‍ പഞ്ചായത്തിലെ കുണ്ടേരി, നാരങ്ങാത്തട്ട്, പൊയ്യമല, വെള്ളൂന്നി, പൂവ്വത്തിന്‍ചോല, മഞ്ഞളാംപുറം എന്നിവിടങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കണിച്ചാര്‍ പഞ്ചാത്തില്‍ 30 കോവിഡ് രോഗികളുണ്ട്​. ഓടംതോട്, അണുങ്ങോട്, കണിച്ചാര്‍, വെള്ളൂന്നി, നെല്ലിക്കുന്ന്, ഏലപ്പീടിക, കൊളക്കാട് എന്നിവിടങ്ങളിലാണ് കോവിഡ് രോഗികള്‍ ഉള്ളത്. പേരാവൂർ പഞ്ചായത്തിലെ അഗതിമന്ദിരത്തിൽ നൂറിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ നാലുപേർ മരിച്ചിരുന്നു. കോളനികളില്‍ കോവിഡ് ക്രമാതീതമായി വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനും പഞ്ചായത്തിനും കടുത്ത തലവേദന സൃഷ്​ടിക്കുകയാണ്​. കൂടാതെ ഓണാഘോഷം കൂടി കഴിയുമ്പോള്‍ എത്രത്തോളം കോവിഡ് ബാധിതര്‍ മലയോരത്ത് വര്‍ധിക്കുമെന്ന ആശങ്കയിലുമാണ് അധികൃതര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.