അഴീക്കലിനെ റീജനൽ പോര്‍ട്ട് ഓഫിസാക്കും -തുറമുഖ മന്ത്രി

അഴീക്കലിനെ റീജനൽ പോര്‍ട്ട് ഓഫിസാക്കും -തുറമുഖ മന്ത്രി -പ്രഖ്യാപനം കെ.വി. സുമേഷ് എം.എൽ.എയുടെ സബ്​മിഷന്​ മറുപടിയായികണ്ണൂർ: അഴീക്കല്‍ തുറമുഖത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ അതിനെ റീജനല്‍ പോര്‍ട്ട് ഓഫിസായി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുന്നതായി തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പുതുതായി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് തുറമുഖത്തി​ൻെറ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് അഴീക്കലില്‍ പുതിയ ഓഫിസ് സംവിധാനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെ.വി. സുമേഷ് എം.എൽ.എ ഉന്നയിച്ച സബ്​മിഷനുകള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിലവില്‍ ആലപ്പുഴ, കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങളാണ് കേരള മാരിടൈം ബോര്‍ഡി​ൻെറ കീഴിലുള്ള റീജനല്‍ പോര്‍ട്ട് ഓഫിസുകള്‍. അഴീക്കലിനെ കൂടി റീജനല്‍ പോര്‍ട്ട് ഓഫിസ് ആക്കുന്ന കാര്യം പരിഗണിക്കും. മലബാര്‍ മേഖലയുടെ ഒരു ട്രേഡിങ്​ ഹബ്ബായി അഴീക്കല്‍ തുറമുഖത്തെ മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം അഴീക്കലില്‍ ആധുനിക ഗ്രീന്‍ഫീല്‍ഡ് തുറമുഖം നിര്‍മിക്കുന്നതിന് മുഖ്യമന്ത്രി ചെയര്‍മാനായി പ്രത്യേക കമ്പനി രൂപവത്​കരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. അഴിമുഖത്തില്‍ നിന്നുമാറി പുറംകടലില്‍ മൂന്ന് ഘട്ടങ്ങളായുള്ള തുറമുഖ വികസനമാണ് ഉദ്ദേശിക്കുന്നത്. ഏതാണ്ട് 3,000 കോടി രൂപ ചെലവുവരുന്ന ആദ്യഘട്ടത്തി​ൻെറ ഫീസിബിലിറ്റി റിപ്പോര്‍ട്ടിന് ഇതിനകം അംഗീകാരം ലഭിച്ചു. വിശദ പദ്ധതി രേഖ തയാറാക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഡി.പി.ആര്‍ തയാറാക്കി ആവശ്യമായ അനുമതികള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖത്തോടനുബന്ധിച്ചുള്ള വ്യവസായ വികസനത്തിനായി സെസ് ആരംഭിക്കുന്നതിനുള്ള പ്രപ്പോസലും പരിഗണനയിലുണ്ട്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയതായും മന്ത്രി അറിയിച്ചു. അഴീക്കല്‍ പോര്‍ട്ടില്‍ വര്‍ഷങ്ങള്‍ക്കുശേഷം തുടര്‍ച്ചയായി ചരക്കുകപ്പല്‍ ഗതാഗതം സാധ്യമാക്കിയതിന് മുഖ്യമന്ത്രിയെയും തുറമുഖ മന്ത്രിയെയും അഭിനന്ദിക്കുന്നതായി കെ.വി. സുമേഷ് പറഞ്ഞു. അഴീക്കലില്‍ നിര്‍മിക്കുന്ന ആധുനിക ഗ്രീന്‍ഫീല്‍ഡ് ഇൻറർനാഷനല്‍ പോര്‍ട്ടിന് ആവശ്യമായ സര്‍വേ നടപടികളും ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് അഴീക്കലില്‍ ഓഫിസ് സംവിധാനം ആരംഭിക്കണമെന്നായിരുന്നു എം.എൽ.എയുടെ സബ്​മിഷന്‍. കാസർകോട് മുതല്‍ തലശ്ശേരി വരെയുള്ള നാല് പോര്‍ട്ടുകളുടെ റീജനല്‍ ഓഫിസായി അഴീക്കോട് പോര്‍ട്ടിനെ ഉയര്‍ത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നേരത്തേ മാരിടൈം ബോര്‍ഡ് കൈക്കൊണ്ട തീരുമാനം നടപ്പാവാത്തത് തുറമുഖ വികസനത്തിന് വിലങ്ങു തടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രണ്ട് ആവശ്യങ്ങള്‍ക്കും അനുകൂല മറുപടിയാണ് തുറമുഖ മന്ത്രി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.