വന്യമൃഗ ശല്യം; കൂടുതല്‍ ഫോറസ്​റ്റ്​ സ്‌റ്റേഷനുകള്‍

വന്യമൃഗ ശല്യം; കൂടുതല്‍ ഫോറസ്​റ്റ്​ സ്‌റ്റേഷനുകള്‍വന്യമൃഗ ശല്യം തടയാന്‍ സമഗ്ര പദ്ധതിയെന്ന്​ മന്ത്രി കണ്ണൂർ: ജില്ലയില്‍ വന്യമൃഗശല്യം തടയാൻ സമഗ്ര പദ്ധതി ആവിഷ്‌കരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നബാധിത പ്രദേശങ്ങളിലെ എം.എൽ.എമാരുമായും വനം വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന വ്യാപകമായി വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരെയും കൃഷി ഉള്‍പ്പെടെയുള്ള ജീവനോപാധികളെയും സംരക്ഷിക്കുന്നതിനും വനാതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനും മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് സമഗ്ര പദ്ധതി ആവിഷ്‌കരിച്ച് വരുകയാണെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ കാട്ടാന, കുരങ്ങ്, പന്നി എന്നിവയുടെ ആക്രമണങ്ങള്‍ ഫലപ്രദമായി തടയുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ ആനമതില്‍, സൗരോർജ വേലി​, റെയില്‍ വേലി​ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തി പദ്ധതി സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയിലെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കൂടുതല്‍ വനം​ സ്‌റ്റേഷനുകള്‍ തുടങ്ങും. കൂടുതല്‍ വനം വകുപ്പ് ജീവനക്കാരെ നിയമിക്കാനും അവര്‍ക്കാവശ്യമായ സുരക്ഷ സംവിധാനങ്ങളും വാഹനങ്ങളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നടപടി സ്വീകരിക്കും. ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്കും കൃഷിനാശം സംഭവിക്കുന്നവര്‍ക്കും മതിയായ നഷ്​ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.യോഗത്തില്‍ എം.എൽ.എമാരായ കെ.പി. മോഹനന്‍, സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു. ജില്ലയില്‍ വന്യമൃഗ ശല്യം ആളുകളുടെ ജീവനെടുക്കുന്നതും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് എം.എൽ.എമാര്‍ പറഞ്ഞു. കര്‍ണാടകയില്‍നിന്നുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയുന്നതിന് വനാതിര്‍ത്തി സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.