എ,ബി,സി,ഡി കാറ്റഗറി കട അടച്ചിടലിനെതിരെ വ്യാപാരി വ്യവസായി സമിതിയും

എ,ബി,സി,ഡി കാറ്റഗറി കട അടച്ചിടലിനെതിരെ വ്യാപാരി വ്യവസായി സമിതിയും കണ്ണൂർ: കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി വ്യാപാര സ്​ഥാപനങ്ങളുടെ എ.ബി.സി.ഡി കാറ്റഗറി തിരിച്ചുള്ള അടച്ചിടലിനെതിരെ വ്യാപാരി വ്യവസായി സമിതിയും രംഗത്ത്​. സർക്കാർ നിലപാടിനെതിരെ കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി കടയടച്ച്​ സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ്​ സി.പി.എം അനുകൂല സംഘടനയായ വ്യവസായി സമിതിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്​. ഇത്തരം കാറ്റഗറി തിരിച്ചുള്ള അടച്ചിടൽ വ്യാപാരികളെ ഇല്ലായ്​മ ചെയ്യാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന്​ വ്യാപാരി വ്യവസായി സമിതി ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു. വ്യാപാരി സമൂഹത്തിന് അശാസ്ത്രീയവും വ്യാപാരി ദ്രോഹവുമായ ഇൗ നടപടിയുമായി ഒരുതരത്തിലും യോജിക്കാൻ സാധിക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.പൊതുസമൂഹത്തിലെ ഭൂരിഭാഗവും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ ടി.പി.ആർ മാനദണ്ഡം പറഞ്ഞ് വ്യാപാര മേഖല മാത്രമാണ് ഇപ്പോഴും പടിക്ക് പുറത്തുള്ളത്‌. സർക്കാർ നിയന്ത്രണത്തിലുള്ള കൺസ്യൂമർ ഫെഡിലും മദ്യ വിൽപനശാലകളിലും ഒരു മാനദണ്ഡവും പാലിക്കാതെ നൂറുകണക്കിന് ആളുകൾ തൊട്ടുരുമ്മി ക്യൂ നിൽക്കുമ്പോഴും ബസുകളിലടക്കമുള്ള പൊതുഗതാഗതങ്ങളിൽ ആളുകൾ കൂട്ടത്തോടെ യാത്ര ചെയ്യുമ്പോഴും ഇല്ലാത്ത മാനദണ്ഡം വ്യാപാരികൾക്ക് മാത്രമാക്കുകയാണെന്ന്​ യോഗം അഭിപ്രായപ്പെട്ടു. ഒരു ദിവസം മുഴുവൻ പ്രവർത്തിച്ചാൽ അഞ്ചോ പത്തോ ആളുകൾ വന്നുപോകുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരുടെ പരിശോധനയുടെ പേരിൽ ഭീഷണിയും പിഴയും അടക്കമുള്ള നടപടിയിൽനിന്ന് പിൻവാങ്ങണം. നിയന്ത്രണങ്ങളോടെ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിലനിൽപുതന്നെ ഇല്ലാതാവുമ്പോൾ നിയമലംഘനത്തിലേക്കടക്കം പോകാൻ നിർബന്ധിതരായാൽ വ്യാപാരികൾ ഉത്തരവാദികളായിരിക്കില്ലെന്നും നേതൃയോഗം മുന്നറിയിപ്പ്​ നൽകി. യോഗത്തിൽ ജില്ല പ്രസിഡൻറ്​ വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. സുഗുണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി, എം.എ. ഹമീദ് ഹാജി, വി.പി. മൊയ്​തു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.