കേരളത്തിന് അനുയോജ്യമായ ജലഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്തും -മുഖ്യമന്ത്രി

കണ്ണൂർ: വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ ജലാശയങ്ങളാല്‍ സമൃദ്ധമായ കേരളത്തിന് ഏറ്റവും അനുയോജ്യമാണ് ജലഗതാഗതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴീക്കല്‍ തുറമുഖത്തുനിന്നുള്ള ചരക്കുകപ്പല്‍ സര്‍വിസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സാധ്യത തിരിച്ചറിഞ്ഞ്​ ദേശീയ ജലപാതകളുടെ വികസനത്തിനും ഉള്‍നാടന്‍ ജലഗതാഗതത്തി​ൻെറ പ്രചാരണത്തിനും ആവശ്യമായ നിരവധി പദ്ധതികള്‍ക്കാണ് സംസ്ഥാനസര്‍ക്കാര്‍ തുടക്കംകുറിച്ചിരിക്കുന്നത്. കൊച്ചി വാട്ടര്‍ മെട്രോയും രാജ്യത്തുതന്നെ ആദ്യത്തെ സൗരോര്‍ജ ഫെറി ബോട്ടും ഇതി​ൻെറ ഭാഗമായാണ് ആരംഭിച്ചത്. അവയില്‍ ഏറ്റവും പ്രധാനമാണ് അഴീക്കലില്‍നിന്നുള്ള തീരദേശ ചരക്കുകപ്പല്‍ സര്‍വിസെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ ആഴ്​ചയില്‍ രണ്ടു തവണ അഴീക്കലില്‍നിന്ന് ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളെ ബന്ധിപ്പിച്ച് കപ്പല്‍ സര്‍വിസ് നടത്തും. താമസിയാതെ കൊല്ലം തുറമുഖത്തെ കൂടി ഇതി​ൻെറ ഭാഗമാക്കും. ചരക്കുനീക്കത്തിന് ഏറ്റവും അനുയോജ്യമാണ് ജലഗതാഗതം. റോഡിലെ തിരക്കും അപകടങ്ങളും കുറയ്ക്കാമെന്നതിലുപരി ഒരു കപ്പലില്‍തന്നെ ഒട്ടേറെ കണ്ടെയിനറുകള്‍ ഒന്നിച്ചുകൊണ്ടുവരാമെന്നതിനാല്‍ വലിയതോതില്‍ ചെലവും കുറക്കാനാവും. അഴീക്കലില്‍നിന്ന് അന്താരാഷ്​ട്ര ചരക്ക് ഗതാഗതത്തിന് വഴിയൊരുങ്ങുന്നുവെന്നത് വലിയ നേട്ടമാണെന്നും തുറമുഖം ഇതോടെ നല്ല രീതിയില്‍ പ്രവര്‍ത്തനസജ്ജമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.