പി.വി. ഇബ്രാഹിമിന് നാടി‍െൻറ അന്ത്യാഞ്​ജലി

പി.വി. ഇബ്രാഹിമിന് നാടി‍ൻെറ അന്ത്യാഞ്​ജലി പഴയങ്ങാടി: പൗരപ്രമുഖനും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യവും സംസ്ഥാനത്തെ പ്രശസ്ത വ്യാപാരി, വ്യവസായിയുമായ പി.വി. ഇബ്രാഹിമിന് നാടി‍ൻെറ അന്ത്യാഞ്ജലി. ബുധനാഴ്ച വൈകീട്ട്​ നിര്യാതനായ പി.വിയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ 9.30ഒാടെ പഴയങ്ങാടി ഖബർസ്ഥാനിൽ ഖബറടക്കി. വള്ളങ്ങളിൽ കടപ്പുറത്തെത്തുന്ന മത്സ്യം വാങ്ങി വിൽപന നടത്തി മത്സ്യകച്ചവടം ആരംഭിച്ച ഇദ്ദേഹം സംസ്ഥാനത്തെ മികച്ച മത്സ്യം, ചെമ്മീൻ കയറ്റുമതിക്കാരനായി വളരുകയായിരുന്നു. പ്രാരബ്​ധങ്ങളും സാമ്പത്തിക പരാധീനതകളും പ്രാഥമിക വിദ്യാഭ്യാസത്തിന്​ അവസരം നഷ്​ടപ്പെടുത്തിയെങ്കിലും വിപണനരംഗത്തെ സാമർഥ്യവും താൽപര്യവും സമർപ്പണവും അദ്ദേഹത്തെ മികച്ച മത്സ്യ വ്യാപാരിയും കയറ്റുമതിക്കാരനുമാക്കി. 1970കൾ അദ്ദേഹത്തി‍ൻെറ വ്യാപാരത്തി‍ൻെറ ചാകരക്കാലമായിരുന്നു. ഉത്തര മലബാറി‍ൻെറ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായിരുന്ന പുതിയങ്ങാടിയെ പി.വി.ഇബ്രാഹിമി‍ൻെറ നാടെന്ന് അടയാളപ്പെടുത്തിയ കാലമായിരുന്നു 1970 മുതൽ '80 വരെയുള്ള വർഷങ്ങൾ. പഴയങ്ങാടി റെയിൽവേ സ്​റ്റേഷൻ, ഉത്തര മലബാറി‍ൻെറ പ്രധാന മത്സ്യ കയറ്റുമതി സ്​റ്റേഷനായി അറിയപ്പെട്ടത് പി.വിയുടെ മാത്രം മത്സ്യകയറ്റുമതിയുടെ അപ്രമാദിത്വം കൊണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച സമുദ്രോൽപന്ന കയറ്റുമതിക്ക് 1993ൽ പി.വി. ഇബ്രാഹിം, കേന്ദ്ര സർക്കാറി‍ൻെറ രാജിവ് ഗാന്ധി സ്വർണ മെഡലിന്​ അർഹനായി. വ്യാപാര വ്യവസായ രംഗങ്ങളിൽ തിളങ്ങുമ്പോഴും സൗമ്യതയും ആർദ്രതയും കൊണ്ട് അദ്ദേഹം ജനമനസ്സുകളിൽ ഇടം നേടി. കാരുണ്യ പ്രവർത്തനങ്ങളിലും മത, സാമൂഹിക, രാഷ്​ട്രീയ പ്രവർത്തനങ്ങളിലും പതിറ്റാണ്ടുകളായി സജീവമായി ഇടപെട്ടിരുന്ന പി.വി, അവസാനനാളുകൾക്ക് മുമ്പുവരെ ഈ മേഖലകളിലെല്ലാം സജീവമായിരുന്നു. പഴയങ്ങാടി മാടായിപ്പള്ളി കമ്മിറ്റി പ്രസിഡൻറ്,മാടായി പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്‍റ്​, പഴയങ്ങാടി എം.ഇ.സി.എ വൈസ് പ്രസിഡൻറ് എന്നീ നിലകളിലും സേവനമനുഷ്​ഠിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.