ലോറിയുടെ ആക്സിൽ പൊട്ടി: മാഹിയിൽ ഗതാഗതക്കുരുക്ക്

മാഹി: മാഹി ആശുപത്രി കവലക്കുസമീപത്തെ കയറ്റത്തിൽ വാഹനങ്ങൾ നിന്നുപോകുന്നത് പതിവായി. നിന്നുപോകുന്ന വാഹനങ്ങൾ ഉടൻ മാറ്റിയിടാൻ മാഹി പൊലീസിന് സംവിധാനങ്ങളില്ലാത്തത് ദുരിതം ഇരട്ടിക്കുന്നു. മാഹി അഗ്നിരക്ഷ സേനക്കും പൊലീസിനും ആധുനിക ഉപകരണങ്ങൾ ഒന്നുമില്ലാത്ത അവസ്ഥയിൽ, അപകടത്തിൽപെടുന്ന വാഹനങ്ങൾ മാറ്റാൻ ക്രെയിനെങ്കിലും അനുവദിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നു. രണ്ട് വാഹനങ്ങൾക്കുമാത്രം കടന്നുപോകാൻ കഴിയുന്ന കുപ്പിക്കഴുത്തുപോലുള്ള മാഹി ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെ എട്ടിന്, കേരളത്തിലേക്കുള്ള ബിവറേജസ് ലോറിയുടെ ആക്സിൽ പൊട്ടിയതുകാരണം നാലുമണി വരെ ഗതാഗത തടസ്സം നേരിട്ടു. രാവിലെ ഓഫിസുകളിലേക്കും ജോലി സ്ഥലത്തുമെത്തേണ്ടവർ ഏറെ ബുദ്ധിമുട്ടി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള ആംബുലൻസുകൾക്ക് മാഹിപാലത്തുനിന്ന് ചൊക്ലി - മേക്കുന്ന്-അഴിയൂർ-കുഞ്ഞിപ്പള്ളി വഴി വടകരയിലെത്തേണ്ടിവന്നു. മൂന്നരയോടെ ക്രെയിൻ ഉപയോഗിച്ച് ലോറി മാഹി മൈതാനം റോഡിലേക്ക് മാറ്റി. caption: മാഹി ആശുപത്രി കവലക്കുസമീപം ദേശീയ പാതയിൽ ബിവറേജസ് ലോറി തകരാറിലായത് കാരണമുണ്ടായ ഗതാഗതക്കുരുക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.