പയ്യന്നൂർ സ്റ്റേഡിയം നിർമാണം ഉടൻ പുനരാരംഭിക്കും

പയ്യന്നൂർ: പയ്യന്നൂർ മൾട്ടി പർപസ് സ്റ്റേഡിയം നിർമാണ പ്രവൃത്തി ഉടൻ പുനരാരംഭിക്കുമെന്ന് ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പയ്യന്നൂർ സ്റ്റേഡിയം നിർമിക്കുന്നതിന് 14.85 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചത്. ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ഏൽപിക്കുന്നത് 2021 ഫെബ്രുവരിയിലാണ്. അന്നത്തെ കായിക മന്ത്രി ഇ.പി. ജയരാജൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. പെരുമ്പാവൂരിലെ ലീ ബിൽഡേഴ്സ് ആണ് കരാർ എടുത്തിരുന്നത്. 2021 മേയ് മാസത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. പൈലിങ് പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. കിഫ്ബിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പ്രവൃത്തിക്ക് തടസ്സം നേരിട്ടത്. മുനിസിപ്പൽ സ്റ്റേഡിയം, ഫുട്ബാൾ സ്റ്റേഡിയം എന്നിവക്കായി 8.11 കോടി, 6.74 കോടി വീതമാണ് അനുവദിച്ചത്. അംഗീകരിച്ച പ്ലാനിൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സ്വിമ്മിങ് പൂൾ, ഇൻഡോർ സ്റ്റേഡിയം, ടോയ്ലറ്റ് എന്നിവയും ഫുട്ബാൾ സ്റ്റേഡിയവുമാണ് ഉണ്ടായിരുന്നത്. ഇൻഡോർ സ്റ്റേഡിയത്തിനുള്ളിൽ പ്രസ്തുത പ്ലാനിൽ ഗാലറി ഉണ്ടായിരുന്നില്ല. ഇതുകൂടി ഉൾപ്പെടുത്താൻ കിഫ്ബിയെ സമീപിച്ചെങ്കിലും ഫണ്ടിന്റെ പരിമിതികാരണം കഴിയില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഗാലറിക്കാവശ്യമായ 60 ലക്ഷം രൂപ നഗരസഭ അനുവദിക്കാൻ തീരുമാനിക്കുകയും തീരുമാനം കിഫ്ബിയെ അറിയിക്കുകയുമായിരുന്നു. വ്യത്യസ്ത ഏജൻസികളിൽനിന്ന് തുക ക്ലബ് ചെയ്യുമ്പോൾ ആദ്യം അനുവദിച്ച തുകയിൽനിന്ന് അധികം വരുകയും ഇത് കിഫ്ബി പോർട്ടലിൽ ഉൾക്കൊള്ളിക്കാനുള്ള സാങ്കേതിക പ്രശ്നം വരുകയും ചെയ്തതിനാൽ ടെൻഡർ അപ്രൂവൽ ചെയ്യാൻ സാധിച്ചില്ല. ഈ വിഷയങ്ങൾ കിഫ്ബി സി.ഇ.ഒയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് പരിഹരിക്കുന്നതിന് കാലതാമസം നേരിട്ടതിനാൽ കരാർ അപ്രൂവൽ വൈകുകയും പാർട്ട് ബിൽ അനുവദിക്കാൻ കഴിയാതെ വരുകയും ചെയ്തു. നിലവിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുകയും പാർട്ട് ബിൽ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രവൃത്തിയുടെ സ്പെഷൽ പർപസ് വെഹിക്കിൾ ആയ കിറ്റ്കോ അധികൃതരും എം.എൽ.എയും കോൺട്രാക്ടർ പ്രതിനിധികളും ചർച്ച ചെയ്യുകയും പ്രവൃത്തി ഉടൻ പുനരാരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.