മുഴപ്പിലങ്ങാട് പൊലീസ് കുരുക്കിടുന്നെന്ന്

മുഴപ്പിലങ്ങാട്: ദേശീയപാതയിൽ അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന ഓരോ വാഹനവും തടസ്സങ്ങളില്ലാത്ത ലക്ഷ്യത്തിലേക്ക് പോകവെ അപകടവും ഗതാഗത സ്തംഭനവും പതിവ് കാഴ്ചയാണ്. എന്നാൽ, മുഴപ്പിലങ്ങാട് പൊലീസ് തന്നെ ഗതാഗത തടസ്സമുണ്ടാക്കി റോഡിൽ കുരുക്ക് തീർക്കുകയാണെന്നാണ് ആക്ഷേപം. കണ്ണൂർ-തലശ്ശേരി ദേശീയ പാതയിൽ മുഴപ്പിലങ്ങാട്-മാഹി ബൈപാസ് നിർമാണത്തിന്റെ ആരംഭത്തിലെ കിഴക്കുഭാഗം സർവിസ് റോഡ് ഏതാനും ദിവസം മുമ്പാണ് വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഒറ്റവരിപ്പാതയായി കടന്നുവരുന്ന സർവിസ് റോഡിൽ ദേശീയ പാതയിലേക്ക് കടക്കുന്നിടത്തെ മേൽപാലത്തിന് താഴെ ഇക്കഴിഞ്ഞ ദിവസം മുതൽ വാഹന പരിശോധന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് എടക്കാട് പൊലീസും ഹൈവേ പൊലീസും. ഇത് കടുത്ത ഗതാഗതക്കുരുക്കിനും അപകടത്തിനും സാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പാത്തും പതുങ്ങിയും വാഹന പരിശോധന നടത്തുകവഴി പൊലീസ് ഇവിടെ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. ഇടുങ്ങിയ സ്ഥലത്തെ വാഹന പരിശോധന കാൽനടക്കാർക്കും ദുരിതമാണെന്ന് റോഡ് കടന്നുപോകുന്ന വാർഡിലെ മെംബർ പി.എം. നജീബ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.