ചേർത്തല: ഏക മകന്റെ ഓർമക്കായി ദമ്പതികൾ നാടിന് നിർമിച്ച് നൽകിയ വായനശാല മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങളെയും വായനയെയും ഫോട്ടോഗ്രഫിയെയും സ്നേഹിച്ചിരുന്ന ചേർത്തല മണവേലി വിഷ്ണുഭവനിൽ പി.ജി. സത്യൻ -രാധിക ദമ്പതികളുടെ മകൻ വിഷ്ണുവിന്റെ (25) ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് വായനശാല തുറന്നുകൊടുത്തത്.
കലവൂർ കെ.എസ്.ഡി.പി ജീവനക്കാരനായിരുന്ന വിഷ്ണു, കഴിഞ്ഞ ആഗസ്റ്റ് ആറിന് രാവിലെ ജോലിക്കു പോകുമ്പോൾ ലോറി ബൈക്കിലിടിച്ചുള്ള അപകടത്തിലാണ് മരിച്ചത്. ഫർണിച്ചർ വ്യാപാരിയായ പി.ജി. സത്യൻ, വീടിന് സമീപം തന്റെ കടമുറികളിലെ 250 ചതുരശ്ര അടിയുള്ള ഒരു മുറിയാണ് വിഷ്ണു സ്മാരക വായനശാലയും ഗ്രന്ഥശാലയുമാക്കിയത്.
സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ചികിത്സ സഹായ വിതരണം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ നിർവഹിച്ചു.
കെ.എസ്.ഡി.പി മാനേജിങ് ഡയറക്ടർ ഇ.എ. സുബ്രഹ്മണ്യൻ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുരേഷ്, വൈസ് പ്രസിഡന്റ് പ്രവീൺ ജി. പണിക്കർ, ആലപ്പുഴ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി തിലകരാജ്, ചേർത്തല നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, മിനി ലെനിൻ, വാർഡ് മെംബർ ശശികല, പി.ആർ. രഞ്ജിനി, സിബി തോമസ്, വി.ഡി. ഹേമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.