മുള്ളരിങ്ങാട്ട് കാട്ടാന നശിപ്പിച്ച കൃഷി
വണ്ണപ്പുറം: നശംവിതച്ച് മുള്ളരിങ്ങാട്ട് വീണ്ടും കാട്ടാന ആക്രമണം. നരിതൂക്കില്‍ ജോണിയുടെ വീട്ടുമുറ്റത്തെത്തിയ കാട്ടാന നായുടെ കൂടും ആട്ടിന്കൂടും തകര്‍ത്തു. ആടിന്റെ കരച്ചില് കേട്ട് വീട്ടുകാര്‍ ലൈറ്റിട്ടപ്പോഴാണ് രണ്ട് ആനകളെ മുറ്റത്ത് കണ്ടത് കണ്ടു. വ്യാഴാഴ്ച പുലര്‍ച്ച നാലിനാണ് സംഭവം. ഇവിടെ നിന്ന് നീങ്ങിയ ആന തെങ്ങുംതട്ടയില് ഓനച്ചന്റെ കമുകും വാഴയും നശിപ്പിച്ചു. ഇയാളുടെ മുറ്റത്തെ കിണര്‍ രണ്ടുമാസം മുമ്പ് ആന ഇടിച്ചുകളഞ്ഞിരുന്നു. വെട്ടിക്കാട്ട് ജലീലിന്റെ 50 വര്‍ഷത്തിലേറെ പഴക്കമുള്ള പ്ലാവ് ആന തള്ളിമറിച്ചു.
കഴിഞ്ഞ ദിവസം നരിതൂക്കിയിൽ കുഞ്ഞപ്പന്റെ വീടിന്റെ മുറ്റത്തിരുന്ന മോട്ടോർ ആന നശിപ്പിച്ചിരുന്നു. നിരവധി കൃഷികളും നശിപ്പിച്ചു. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കോട്ടയം സി.സി.എഫ് ആർ.എസ്. അരുണിനെ നേരിൽകണ്ട് കാട്ടാന ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഉടൻ സ്ഥലം സന്ദർശിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെ എത്തിയില്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു. കോതമംഗലം ഡി.എഫ്.ഒ സ്ഥലത്തെത്തി കർഷകരുടെ നഷ്ടങ്ങൾ വിലയിരുത്തണമെന്നും കൃഷി, റവന്യൂ വകുപ്പുകൾ ജനങ്ങളുടെ പരാതി കേൾക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
സോളാർ വേലി നിർമാണത്തിനായി എം.എൽ.എ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും പണികൾ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, മഴ മൂലമാണ് താമസം നേരിടുന്നതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.