മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപത്തുനിന്ന് ഇലപ്പള്ളി റോഡിലേക്ക് പ്രവേശിക്കാനായി പാലം ഉണ്ടായിരുന്ന ഭാഗം
മൂലമറ്റം: ഗണപതി ക്ഷേത്രത്തിന്‍റെ ഭാഗത്തുനിന്നും ഇലപ്പള്ളി വാഗമൺ റോഡിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമായിരുന്ന പാലം മലവെള്ളപ്പാച്ചിലിൽ തകർന്നിട്ട് അഞ്ച് വർഷം. 2021 ഒക്ടോബർ 16നായിരുന്നു ഇരമ്പിയെത്തിയ മഴയെ തുടർന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ പാലം ഒലിച്ചുപോയത്. അന്ന് മൂലമറ്റത്തെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലായി.
മൂലമറ്റം ടൗണിൽ നിന്ന് ഇലപ്പള്ളിക്കും എടാടിനും പുത്തേടിനും പോകാൻ എളുപ്പത്തിൽ തേക്കിൻകൂപ്പ് വഴി മണപ്പാടി ചെല്ലാൻ കഴിയുമായിരുന്ന പാലമാണ് തകർന്നത്. ഈ പാലം ഉണ്ടായിരുന്നെങ്കിൽ മണപ്പാടി ഭാഗത്തുനിന്നും വളരെ എളുപ്പം മൂലമറ്റം ടൗണിലേക്ക് എത്തിച്ചേരാൻ സാധിക്കുമായിരുന്നു. ഈ പ്രദേശത്തുള്ളവർ മൂലമറ്റം കെ.എസ്ആർ.ടി.സി വഴി കറങ്ങിയാണ് ടൗണിലേക്ക് എത്തിച്ചേരുന്നത്. ഇലപ്പള്ളി, മണപ്പാടി ഭാഗത്തുള്ള ജനങ്ങൾക്ക് മൂലമറ്റം ഗണപതി ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴി കൂടിയായിരുന്നു ഈ പാലം.
കലിതുള്ളി എത്തിയ കാലവർഷം പാലം തകർത്ത് പ്രളയം സൃഷ്ടിച്ച് കടന്നുപോയെങ്കിലും പാലം പുനർനിർമിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ ഇതിനായി ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. പാലത്തിന് സമീപമുണ്ടായിരുന്ന വീടുകളുടെ സംരക്ഷണ ഭിത്തികളെല്ലാം ശക്തമായ മലവെള്ളപ്പാച്ചിലിൽ തകർന്നിരുന്നു. അന്നുണ്ടായ ശക്തമായ മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഭീതിയോടെയാണ് ഇപ്പോഴും നാട്ടുകാർ ഓർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.