പ്രദേശവാസികൾ ചക്കക്കൊമ്പൻ എന്നു വിളിക്കുന്ന കാട്ടാന
തൊടുപുഴ: കാട്ടാനകളെ കണ്ടാൽ അവ കടന്നുപോകുന്നതുവരെ ജീവനും കൈയിൽപിടിച്ച് ഒളിച്ചിരിക്കുകയാണ് ചിന്നക്കനാലുകാർ. ഓരോ ദിവസവും കാട്ടാനകൾ ഇവരുടെ ജീവനും സ്വത്തിനും ഭീതി വിതക്കുകയാണ്. സിങ്കുകണ്ടത്തും 301 കോളനിയിലും കാട്ടാനക്കൂട്ടങ്ങൾ ഇറങ്ങുന്നത് പതിവായതോടെ പലരും വീടും കൃഷിയുമടക്കം ഉപേക്ഷിച്ച് നാടുവിട്ടു. 301 കോളനിയിൽനിന്ന് ജീവനുംകൊണ്ട് പലരും പലായനം തുടരുകയാണ്.
ചിന്നക്കനാൽ സിങ്കുകണ്ടത്ത് ബുധനാഴ്ച പുലർച്ച ചക്കക്കൊമ്പൻ നടുവിൽ മറിയക്കുട്ടിയുടെ വീട് പൂർണമായും നശിപ്പിച്ചു. ചിന്നക്കനാലിൽനിന്ന് സിങ്കുകണ്ടത്തേക്കുള്ള വഴികളിലും 301 കോളനിക്കകത്തും ജനവാസ മേഖലകളിലും ചക്കക്കൊമ്പനടക്കമുള്ള കാട്ടാനകൾ വിഹരിക്കുകയാണ്. ഏത് നിമിഷവും ആക്രമണം മുന്നിൽക്കണ്ടാണ് പ്രദേശവാസികൾ ജീവിക്കുന്നത്. കാട്ടാനകളെ കണ്ടാൽ അവ കടന്ന് പോകുന്നതുവരെ മാറി നിൽക്കുന്നതാണ് ഇവരുടെ ഏകപ്രതിരോധം. ആനയിറങ്കൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്താണ് ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനി.
വിവിധ പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരും സ്വന്തമായി ഭൂമിയില്ലാത്തവരുമായ ആദിവാസികളെ പുനരധിവസിക്കാൻ ചിന്നക്കനാൽ മേഖലയിൽ 1490 ഏക്കർ ഭൂമി പതിച്ച് നൽകാനായിരുന്നു 2002ൽ സർക്കാർ തീരുമാനം. എന്നാൽ, 810 ഏക്കർ ഭൂമി മാത്രമാണ് റവന്യൂ വകുപ്പിന് കണ്ടെത്താൻ കഴിഞ്ഞത്.
ഇതിൽ 668 ഏക്കർ 566 കുടുംബങ്ങൾക്കായി വിതരണം ചെയ്തു. 301 കുടുംബത്തിന് ചിന്നക്കനാൽ വില്ലേജിൽ സർവേ നമ്പർ 178 ൽ ഒരേക്കർ ഭൂമി വീതം പതിച്ചു നൽകാൻ തീരുമാനമായി. ഇതാണ് ഇന്ന് 301 കോളനിയെന്ന് അറിയപ്പെടുന്നത്. പിന്നീട് 130 പട്ടികവർഗ കുടുംബങ്ങളെ കൂടി കുടിയിരുത്തി. കൃഷി ചെയ്ത് ജീവിതം മുന്നോട്ട് പോകുക എന്ന ആഗ്രഹത്തിലാണ് ഇവർ ഇവിടെ ജീവിതം തുടങ്ങിയത്.
കാട്ടാനകളെ പേടിച്ച് ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ്. 18 കാട്ടാനകളുടെ കൂട്ടമാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇതിൽ പ്രശ്നക്കാരനായ അരിക്കൊമ്പനെ നാടുകടത്തിയ ശേഷം ചക്കക്കൊമ്പനാണ് ഇപ്പോഴത്തെ പ്രധാന ശല്യം. സിങ്കുകണ്ടം, 301 കോളനി എന്നിവിടങ്ങളിലെ വീടുകളിൽ പലതും കാട്ടാനയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.
ഗ്രാൻഡിസിന്റെയും പൈൻമരത്തിന്റെയും തോട്ടങ്ങൾക്കിടയിൽ ഉയരത്തിൽ വളർന്നിരിക്കുന്ന പുല്ലുകൾ കാട്ടാനകൾക്ക് ഒളിച്ചിരിക്കാനുള്ള പ്രധാനയിടങ്ങളാണെന്ന് സിങ്കുകണ്ടത്തെ ജനപ്രതിനിധി എൻ.എം. ശ്രീകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഏതുസമയവും മുന്നിലെത്തുന്ന കാട്ടാനയെ പേടിച്ച് കുട്ടികളെയടക്കം സ്കൂളിൽ വിടുന്നതിൽ വലിയ ആശങ്കയുണ്ട്. പകൽ ഒളിച്ചിരിക്കുന്ന ആനകൾ രാത്രിയാകുന്നതോടെ ജനവാസ മേഖലയിലിറങ്ങും.
ആനകളെ പേടിച്ച് പലരും സന്ധ്യയായാൽ പുറത്തിറങ്ങാത്ത സാഹചര്യമാണുള്ളതെന്നും ശ്രീകുമാർ പറഞ്ഞു. 301 കോളനിയിലെ കുട്ടികൾ ആനകളെ പേടിച്ചും വഴിയില്ലാത്തതിനെ തുടർന്നും കുട്ടികൾ ഹോസ്റ്റലുകളിലും ബന്ധുക്കളുടെ വീടുകളിലും നിന്നാണ് പഠനം മുന്നോട്ട് കൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.