തൊടുപുഴ: തൊടുപുഴ നഗരത്തിന് സമീപം അഞ്ചിരി കിഴക്കേ ഉണ്ണിപ്പിള്ളിൽ ജോഷി കുര്യച്ചനും മക്കൾക്കും ഷൂട്ടിങ് കുടുംബകാര്യമാണ്. ഷൂട്ടിങ് പരിശീലനവും മത്സരത്തിനായുളള യാത്രകളുമെല്ലാം ഇവർ ഒരുമിച്ചാണ്. പഠനകാലം തൊട്ടേ ജോഷി മികച്ചൊരു ഷൂട്ടറായിരുന്നു. നിരവധി ജില്ല -സംസ്ഥാന തല മത്സരങ്ങളിലെ മിന്നും താരം. പഠനകാലം കഴിഞ്ഞതോടെ ബിസിനസ് ജീവിത മാർഗമാക്കിയെങ്കിലും ഇദ്ദേഹം ഷൂട്ടിങ് കമ്പം തുടർന്നു. ഇന്ന് മാസ്റ്റർ മെൻ സൗത്ത് സോണിലടക്കം മത്സരിക്കുന്നുമുണ്ട്. ഇതോടൊപ്പം മക്കളെ തന്റെ പിൻഗാമികളാക്കി.
മക്കളായ ബി.ടെക് രണ്ടാം വർഷ വിദ്യാർഥിനി ബിസ്റ്റിയും പ്ലസ് വൺ വിദ്യാർഥിനി ബിബിയയും ഇന്ന് സംസ്ഥാന ദേശീയ മത്സരങ്ങളിലെ മെഡൽ ജേതാക്കളാണ്. ദേശീയ തലത്തിൽ 10 മീ.പിസ്റ്റൾ, 25 മീ.സ്റ്റാൻഡേഡ് പിസ്റ്റൾ, 25 മീ. സ്പോർട്സ് പിസ്റ്റൾ, 50 മീ. ഫ്രീ പിസ്റ്റൾ എന്നീ ഇനങ്ങളിലാണ് ഈ സഹോദരിമാർ മികവ് തെളിയിക്കുന്നത്. ഇവർ നിരവധി അംഗീകാരങ്ങളും നേടി. ഇവരുടെ പിന്നാലെയാണ് ഇളയ സഹോദരനും എട്ടാം ക്ലാസ് വിദ്യാർഥിയുമായ ബിയോണും ഷൂട്ടിങ് പരിശീലത്തിലെത്തുന്നത്. ജില്ലാ തലത്തിൽ മികവ് തെളിയിച്ച ബിയോൺ സംസ്ഥാന തല മത്സരങ്ങൾക്കുളള ഒരുക്കത്തിലാണ്. മൂന്നാം ക്ലാസുകാരിയായ ഇളയ മകൾ ബീവയും ഇവർക്ക് പിൻഗാമിയാകാനുളള തയ്യാറെടുപ്പിലാണ്. പിതാവ് ജോഷി തന്നെയാണ് ഇവരുടെയെല്ലാം പ്രാഥമിക പരിശീലകൻ. മൂത്ത കുട്ടികൾ മികവ് തെളിയിച്ചതോടെ അവർക്ക് കൂടുതൽ പ്രൊഫഷണൽ പരിശീലനവും നൽകുന്നുണ്ട്. ആറ് വർഷമായി നവീനാണ് പരീശീലകൻ. ഇത് വഴി കൂടുതൽ മികവോടെ രാജ്യാന്തര മത്സരങ്ങളാണ് ഇവരുടെ ലക്ഷ്യം. പിന്തുണയുമായി മാതാവ് സോണിയ ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.