അവസാന യോഗത്തിലും തീരുമാനമായില്ല; എന്നു തുറക്കും ഈ കെ.എസ്​.ആർ.ടി.സി ടെർമിനൽ

തൊടുപുഴ: ഈ മാസം പത്തോടെ തൊടുപുഴയിലെ കെ.എസ്​.ആർ.ടി.സി ബസ്​ ടെർമിനൽ തുറക്കുമെന്നാണ്​ ഏറ്റവും ഒടുവിലായി അധികൃതർ അറിയിച്ചതെങ്കിലും കാത്തിരിപ്പ്​ ഇനിയും നീളുമെന്ന്​ ഉറപ്പായി. വെള്ളിയാഴ്​ച നടന്ന യോഗത്തിലും എന്ന്​ തുറക്കുമെന്നത്​ സംബന്ധിച്ച​ കൃത്യമായ ധാരണ ഉണ്ടാകാത്തതിനാൽ​ ഡിപ്പോ തുറക്കൽ ഇനിയും വൈകും.

12 കോടി മുടക്കി നിര്‍മിച്ച തൊടുപുഴയിലെ പുതിയ കെ.എസ്.ആര്‍.ടി.സി ടെർമിനലി​െൻറ നിര്‍മാണം കഴിഞ്ഞിട്ട് ഏഴുവര്‍ഷമായെങ്കിലും തുറന്നുപ്രവര്‍ത്തിച്ചിട്ടില്ല. വെള്ളിയാഴ്ച കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി. വര്‍ഗീസി​െൻറ അധ്യക്ഷതയില്‍ ഡി.ടി.ഒ, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുടെ യോഗം തൊടുപുഴയില്‍ ചേർന്നെങ്കിലും എന്ന്​ തുറക്കുമെന്ന കാര്യം തീരുമാനമായില്ല. ഡിപ്പോയുടെ മറ്റ് ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കാനാണ് ഇപ്പോൾ എടുത്ത തീരുമാനം. ഇതിന്​ പ്രത്യേക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

ഡിപ്പോ ഓഫിസ്, ടിക്കറ്റ് കൗണ്ടര്‍, ജീവനക്കാരുടെ വിശ്രമമുറി, വര്‍ക്​ഷോപ് എന്നിവയാണ് ഇനി ഒരുക്കേണ്ടത്. വൈദ്യുതി എല്ലായിടത്തും ലഭ്യമാക്കാന്‍ പാനലിങ്ങും പൂര്‍ത്തിയാക്കണം. ഇതിന് 15 ലക്ഷം രൂപകൂടി വേണം. സ്​റ്റാന്‍ഡിനുള്ളിലെ കടമുറികള്‍ പലവട്ടം ടെന്‍ഡര്‍ വിളിച്ചെങ്കിലും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് എത്തിയത്. ഒരിക്കല്‍ 80പേര്‍ എത്തിയെങ്കിലും സാങ്കേതിക കാരണത്താല്‍ അധികൃതര്‍തന്നെ അത് റദ്ദാക്കി. പിന്നീട് ചര്‍ച്ചകള്‍ വീണ്ടും സജീവമായപ്പോൾ കോവിഡുമെത്തി. ഈ സാഹചര്യത്തില്‍ ആരും ടെന്‍ഡര്‍ പിടിക്കാനെത്തിയില്ല. മൂന്നും നാലും വര്‍ഷം മുമ്പ്​ ടെന്‍ഡര്‍ പിടിച്ചവര്‍ മുന്‍കൂര്‍ പണമടച്ചിരുന്നു. അവര്‍ക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. ഡിപ്പോയിലെ കടമുറികൾ ലേലം ചെയ്​ത്​ ലഭിക്കുന്ന തുക ഡിപ്പോ നിർമാണത്തിന്​ ഉപയോഗിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കാൻ 15 ലക്ഷം രൂപകൂടി വേണമെന്നാണ്​ അധികൃതർ പറയുന്നത്​. താൽക്കാലിക ഡി​പ്പോയിൽ പ്രവർത്തിക്കുന്ന സ്​റ്റാൻഡ്​ എത്രയും വേഗം ഇവിടേക്ക് മാറ്റാനാണ് ശ്രമിക്കുന്നതെന്ന്​ കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി. വര്‍ഗീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.