നിർമാണം നടക്കുന്ന ചേലച്ചുവട് വണ്ണപ്പുറം റോഡിൽ തടസ്സമായി നിൽക്കുന്ന മരം
ചെറുതോണി: ആലപ്പുഴ-മധുര സംസ്ഥാനപാത നിർമാണത്തിൽ ഈട്ടിമരം തടസമാകുന്നു. വനംവകുപ്പ് മരം മുറിച്ചുമാറ്റി റോഡ് നിർമാണത്തിനുള്ള തടസം നീക്കി നൽകിയാൽ മാത്രമെ നിർമാണം മുന്നോട്ടുപോകാൻ കഴിയൂ.
തടസ്സമായി നിൽക്കുന്ന മരം മുറിച്ചുമാറ്റി നൽകണമെന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഞ്ഞിക്കുഴി ടൗണിന് സമീപം കുഴി സിറ്റിയിൽ വളവിൽ നിൽക്കുന്ന ഈട്ടി മരം റോഡിന്റെ സംരക്ഷണഭിത്തി നിർമിച്ചു വരുന്ന ഭാഗത്താണ് നിൽക്കുന്നതെന്ന് കരാറുകാർ പറയുന്നു.
കരാറുകാരനും പ്രദേശവാസികളും പലതവണ വനംവകുപ്പിന്റെ അനുമതി തേടിയെങ്കിലും നിയമപരമായ നടപടിക്രമങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നൽകുന്നില്ലെന്നാണ് പരാതി. മരം നീക്കം ചെയ്യാതെ സംരക്ഷണഭിത്തി കെട്ടുന്നത് അസാധ്യമാണ്. റോഡിന് ചേർന്നുള്ള കൽക്കെട്ട് നിർമിക്കുമ്പോൾ ഈട്ടിമരത്തിലേക്കാണ് അലൈൻമെന്റ് പോകുന്നത്. മരം ഒഴിവാക്കി കൽക്കെട്ട് പണിതാലും ഭാവിയിൽ വൃക്ഷം വളർന്ന് സംരക്ഷണഭിത്തിക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് എൻജിനീയർമാർ ചൂണ്ടിക്കാട്ടുന്നു.
കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മരം നിൽക്കുന്നത് റോഡിനു സമീപത്തുള്ള പട്ടയ സ്ഥലത്താണന്നും സ്ഥല മുടമസ്ഥന്റെ അനുവാദമില്ലാതെ വെട്ടാൻ സാധിക്കില്ലെന്നാണ് വനംവകുപ്പിന്റെ മറുപടി. വൃഷക്കരമടക്കുന്ന സ്ഥലമുടമയുടെ സമ്മതി പത്രം കിട്ടുന്ന മുറക്ക് മരംമുറിച്ചുമാറ്റി നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.