കട്ടപ്പന: ഓണത്തിന് മുന്നേ ജില്ലയിൽ പച്ചക്കറി വില കുതിക്കുന്നു. ഇഞ്ചിയുടെയും പച്ചമുളകിന്റെയും വില 100 കടന്നു. ഒരു മാസത്തിനിടെ പച്ചക്കറി ഉൽപന്നങ്ങളുടെ വിലയിൽ 50 മുതൽ 70 ശതമാനം വരെയാണ് വർധനയുണ്ടായത്. തമിഴ്നാട്ടിലെ തേനി, പെരിയകുളം, കമ്പം പച്ചക്കറി വിപണികളിലും വില ക്രമാതീതമായി വർധിക്കുകയാണ്. ഓണത്തിന് തമിഴ്നാട്ടിൽനിന്ന് കൂടുതൽ പച്ചക്കറികൾ മാർക്കറ്റിൽ എത്തിയാലും ഇപ്പോഴത്തെ സാഹചര്യത്തിൽ വില കുറയാനിടയില്ല. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഇരട്ടിയായതിനു പിന്നാലെയാണ് പച്ചക്കറിയുടെ വിലകൂടി ഉയർന്നത്. ഇതോടെ മലയാളിയുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിയിരിക്കുകയാണ്.
കേരള, തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളിലെ ഉൽപാദനത്തിലെ കുറവാണ് പച്ചക്കറി വിലക്കയറ്റത്തിന് ഇടയാക്കിയത്. കാലാവസ്ഥ വ്യതിയാനമാണ് ഉൽപാദനം കുറയാനുള്ള പ്രധാന കാരണം. ജൂലൈ ഒന്നിന് കട്ടപ്പനയിലെ ചില്ലറ വിപണിയിൽ കിലോക്ക് 55 രൂപയുണ്ടായിരുന്ന ഇഞ്ചി വില ഒരുമാസംകൊണ്ട് 80-100 രൂപയിലേക്ക് ഉയർന്നു. വെളുത്തുള്ളി വിലയും മുന്നേറുകയാണ്. കിലോക്ക് 120-140 രൂപയിലാണ് വ്യാപാരം.
എന്നാൽ, വലിയ വെളുത്തുള്ളിക്ക് വില ഇതിലും കൂടുതലാണെന്ന് വ്യാപാരികൾ പറയുന്നു. കാരറ്റിന് 20 ശതമാനം വില ഉയർന്ന് 80 രൂപയിലെത്തി. തക്കാളി കിലോക്ക് 40 രൂപ ഉണ്ടായിരുന്നിടത്ത് ഒരുമാസംകൊണ്ട് 60 രൂപയിലെത്തി. ഗ്രാമങ്ങളിൽ വില ഇതിലും കൂടുതലാണ്. അതേസമയം, മുരിങ്ങക്കയുടെ വില പകുതിയലധികം കുറഞ്ഞ് 40 രൂപയായി. സവാള, കിഴങ്ങ് എന്നിവയുടെ വിലയിൽ വലിയ വ്യത്യാസങ്ങൾ പ്രകടമല്ല. സവാള കിലോക്ക് 30 രൂപയും കിഴങ്ങിന് 45രൂപയിലുമാണ് വിൽപന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.