തൊടുപുഴ: നഗരസഭ ഭരണം തിരിച്ചു പിടിക്കാനുള്ള യു.ഡി.എഫിന്റെ രണ്ടു ശ്രമങ്ങളും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടെങ്കിലും ഇത്തവണ ചെയര്പേഴ്സൻ സബീന ബിഞ്ചുവിനെതിരെ അവിശ്വാസം വിജയിപ്പിച്ച് ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. 19 ന് രാവിലെ 11.30 ന് തൊടുപുഴ മുനിസിപ്പൽ ഓഫിസിൽ അവിശ്വാസം ചർച്ച ചെയ്യും.
കഴിഞ്ഞ തവണ ചെയര്പേഴ്സൻ തെരഞ്ഞെടുപ്പില്‍ ഭരണം ഉറപ്പിച്ച യു.ഡി.എഫിന്റെ എല്ലാ പ്രതീക്ഷകളും തകർത്തതത് മുസ്ലിം ലീഗ് ആയിരുന്നു. എന്നാല്‍ മുസ്ലിം ലീഗ് ഇത്തവണ ഒപ്പം നില്‍ക്കുമെന്നും ചെയര്‍പേഴ്സനെതിരെ അതൃപ്തിയുള്ള എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങളും അവിശ്വാസത്തെ അനുകൂലിക്കുമെന്നുമാണ് യു.ഡി.എഫ് ഘടക കക്ഷികളായ കോണ്‍ഗ്രസും , കേരള കോണ്‍ഗ്രസും കരുതുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉറച്ച പ്രതീക്ഷയോടെ ഭരണത്തിലെത്താനിരുന്ന യു.ഡി.എഫിന്റെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണേറ്റത്. ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസ് വിമതനായി മത്സരിച്ച സനീഷ് ജോര്‍ജിനെയും മുസ്ലിം ലീഗ് സ്വതന്ത്ര ജെസി ജോണിയെയും ഒപ്പം ചേര്‍ത്ത് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തു. സനീഷ് ജോര്‍ജ് ചെയര്‍മാനാകുകയും ചെയ്തു. പിന്നീട് ജെസി ജോണിയെ ഹൈകോടതി അയോഗ്യയാക്കി.
ഏതാനും മാസം മുമ്പ് സനീഷ് ജോര്‍ജ് കൈക്കൂലിക്കേസില്‍ ആരോപണ വിധേയനായതോടെ സ്ഥാനത്ത് നിന്നും രാജിവെക്കേണ്ടി വന്നു. എൽ.ഡി.എഫ് തന്നെ ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവന്നെങ്കിലും ഇതു ചര്‍ച്ചക്കെടുക്കുന്നതിനു മുമ്പ് രാജി വെക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് വന്ന ചെയര്മാന് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുള്ളിലുണ്ടായ തര്‍ക്കംമൂലം അരികെയെത്തിയ പദവി നഷ്ടപ്പെട്ടു. ചെയര്മാന് പദവി വീതം വെക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ മുസ്ലിം ലീഗ് അംഗങ്ങള്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തതോടെ സബീന ബിഞ്ചു ചെയര്പേഴ്സനാകുകയായിരുന്നു.
നേരത്തെ 35 അംഗ കൗണ്‍സിലില്‍ എൽ.ഡി.എഫ് 15, യു.ഡി.എഫ് 12, ബി.ജെ.പി എട്ട് എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. എൽ.ഡി.എഫിനെ പിന്തുണച്ചിരുന്ന 11-ാംവാര്‍ഡ് കൗണ്‍സിലർ മാത്യു ജോസഫിനെയും ഒമ്പതാം വാര്‍ഡ് കൗണ്‍സിലറും മുന്‍ വൈസ് ചെയര്‍പേഴ്സനുമായിരുന്ന ജെസി ജോണിയെയും ഹൈകോടതി അയോഗ്യയാക്കിയിരുന്നു. ഇതോടെ രണ്ടു സീറ്റുകള്‍ കുറഞ്ഞ് എൽ.ഡി.എഫും 13 എന്ന നിലയിലെത്തി.
സനീഷ് ജോര്‍ജ് കൈക്കൂലിക്കേസില്‍ അകപ്പെട്ട് രാജിവെക്കുകയും സ്വതന്ത്രനായെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ എല്‍ഡിഎഫ് അംഗങ്ങള്‍ 12 ആയി. അതേസമയം ജെസി ജോണി അയോഗ്യയായതിനെ തുടര്‍ന്ന് ഒമ്പതാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കുകയും ചെയ്തതോടെ യു.ഡി.എഫിന്റെ അംഗബലം 13 ആയി ഉയര്‍ന്നു.
കഴിഞ്ഞ തവണ ചെയര്മാന് തെരഞ്ഞെടുപ്പിലടക്കം യു.ഡി.എഫിനൊപ്പമായിരുന്നു സനീഷ് ജോര്‍ജ്. ഇതോടെ യു.ഡി.എഫിന്റെ അംഗബലം 14 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ചെയര്മാന് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് ചെയ്ത സി.പി.എം സ്വതന്ത്രയുടെയും കഴിഞ്ഞ ചെയര്പേഴ്സൻ തെരഞ്ഞെടുപ്പിനു ശേഷം എൽ.ഡി.എഫുമായി അകന്ന് നില്ക്കുന്ന രണ്ട് സ്വതന്ത്രരുടെയും പിന്തുണ യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. ഇത്തവണ കൂടി അവിശ്വാസം പരാജയപ്പെട്ടാല്‍ അത് യു.ഡി.എഫ് നേതൃത്വത്തിന് വലിയ തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.