തങ്കമലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഒരുക്കിയ കൂട്
‘ഒളിച്ചുകളിച്ച്’ കടുവ; വട്ടംചുറ്റി വനപാലകർ
കുമളി: വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയതിനെ തുടർന്ന് മൂന്നാർ, മറയൂരിൽനിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കടുവയുടെ ഒളിച്ചുകളി തുടരുന്നു. കാടിറങ്ങി ജനവാസ മേഖലക്ക് സമീപമെത്തിയ കടുവയെ ഡ്രോൺ കാമറ ഉപയോഗിച്ച് അധികൃതർ കണ്ടെത്തിയെങ്കിലും പിടികൂടാനുള്ള ശ്രമം എങ്ങുമെത്തിയില്ല.
കടുവ സങ്കേതത്തോട് ചേർന്നുള്ള വണ്ടിപ്പെരിയാർ തങ്കമല തേയിലത്തോട്ടത്തിലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാടുപിടിച്ചു മൂടിക്കിടക്കുന്ന പ്രദേശത്താണ് കടുവയുടെ വാസം. കടുവയെ കണ്ടെത്താൻ ഡ്രോൺ കാമറ ഉയരുന്നതോടെ കാടിനുള്ളിൽ ഒളിക്കുന്ന കടുവ പിന്നീട് തുറസ്സായ സ്ഥലത്തെത്തുന്നു. കഴിഞ്ഞ ദിവസം കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂടിന് സമീപം വരെ കടുവ എത്തി തിരികെ പോയതായി വനപാലകർ കണ്ടെത്തി.
ഉദ്ദേശം അഞ്ച് വയസ്സ് പ്രായമുള്ള ആൺകടുവ പൂർണ ആരോഗ്യത്തോടെയാണ് കഴിയുന്നതെന്ന് കടുവയെ നിരീക്ഷിക്കുന്ന സംഘം പറയുന്നു. പ്രദേശത്ത് മ്ലാവുകൾ, കേഴ, പന്നി, കാട്ടുപോത്ത്, നാട്ടുകാരുടെ വളർത്തുമൃഗങ്ങൾ എന്നിങ്ങനെ കടുവക്ക് ഭക്ഷണത്തിന് കുറവില്ലാത്തതിനാൽ പ്രദേശത്ത് തന്നെ കടുവ വാസമുറപ്പിച്ചേക്കും എന്നതാണ് വനപാലകരെ കുഴക്കുന്നത്.
കടുവ സങ്കേതത്തിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചെങ്കിലും മാട്ടുപ്പെട്ടി ഭാഗത്തെ ജലം ഒഴുകുന്ന ചാലിലൂടെയാണ് കടുവ പുറത്തെത്തിയതെന്നാണ് അധികൃതർ കണ്ടെത്തിയത്. കടുവയെ തിരികെ കാട്ടിലേക്ക് കടത്തിവിട്ട് പ്രദേശം കൂടുതൽ സുരക്ഷിതമാക്കാനാണ് അധികൃതരുടെ ശ്രമം.
കടുവ ഇറങ്ങിയതിനെ തുടർന്ന് ഭീതി നിലനിൽക്കുന്ന തങ്കമല പ്രദേശം കഴിഞ്ഞ ദിവസം എം.പി. ഡീൻ കുര്യാക്കോസും സംഘവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.