തൊടുപുഴ: കാൽപന്തിന്റെ വിശ്വമാമാങ്കത്തിന് തിരശ്ശിലയുയർന്നതോടെ ഇടുക്കിയിലെങ്ങും ആവേശത്തിരയിളക്കം. ഗ്രാമ-നഗര ഭേദമന്യേ ഫുട്ബോൾ പ്രേമികളുടെ ആവേശം കവിഞ്ഞൊഴുകയായണ്. കാലവർഷത്തിൽ കോരിച്ചൊരിയുന്ന മഴയേക്കാൾ ആരവമാണ് അവരുടെ ഫുട്ബോൾ ആവേശത്തിന്. ഇതോടെ നാലാൾ കൂടുന്നിടത്തും നാൽക്കവലകളിലുമെല്ലാം ഫുട്ബോളാവേശത്തിന്റെ നേർക്കാഴ്ചകളായി മാറുകയാണ്.
മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും ഉൾപ്പെടെയുള്ള ഫുട്ബോൾ രാജാക്കന്മാരുടെ കട്ടൗട്ടുകൾ കൊണ്ട് ഹൈറേഞ്ചും ലോ റേഞ്ചും നിറഞ്ഞുകഴിഞ്ഞു. ഓരോ പ്രദേശത്തേയും കണ്ണായ സ്ഥലത്ത് ബോർഡുകൾ സ്ഥാപിക്കാൻ ഓരോ ടീമിന്റെയും ആരാധകർ തമ്മിൽ മത്സരമാണ്. ഇതോടൊപ്പം ഇഷ്ട ടീമുകളുടെ പതാകകളും ജഴ്സിയുമെല്ലാം കൊടികളും തോരണങ്ങളുമായി നാടെങ്ങും നിറഞ്ഞ് കഴിഞ്ഞു. കുളമാവ് ഡാമിന്റെ ഭാഗത്തുയർന്ന ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ക്ലബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങി എല്ലായിടങ്ങളിലും ലോകകപ്പ് ഫുട്ബോൾ ആരവമാണ്. ഫുട്ബോൾ മത്സരങ്ങൾ, പ്രദർശന മത്സരങ്ങൾ, പെനാൽറ്റി ഷൂട്ടൗട്ട് തുടങ്ങി വിവിധ പരിപാടികളോടെയാണ് അവർ ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കുന്നത്. കളികാണാൻ വിപുലമായ സജ്ജീകരണങ്ങളാണ് വിവിധ കേന്ദ്രങ്ങളിലൊരുക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ തമ്പടിക്കുന്ന ആരാധകർ ആക്ഷരാർഥത്തിൽ മലയോരത്തെ ഫുട്ബോൾ ആവേശത്തിന്റെ കൊടുമുടിയിലേക്കാനയിക്കും.
ജഴ്സികൾക്കിത് സുവർണ കാലം
ലോകകപ്പെത്തിയതോടെ നാടെങ്ങും ജഴ്സികളുടെ സുവർണകാലമാണ്. ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളും നമ്പറുകളം പതാകകളുമൊക്കെ പതിച്ച ജഴ്സികൾക്കാണ് ആവശ്യക്കാരേറെയുള്ളതെന്ന് കച്ചവടക്കാർ പറയുന്നു. 250 രൂപ മുതൽ ജഴ്സി വിപണിയിലുണ്ടെങ്കിലും ക്വാളിറ്റി അനുസരിച്ച് 650 രൂപ വരെയാണ് വില. ബ്രാൻഡഡ് ആകുമ്പോൾ വില ഇനിയുമുയരും. മെസ്സി ബ്രാൻഡിനാണ് ആവശ്യക്കാരേറെ. പിന്നാലെ നെയ്മറും ക്രിസ്റ്റ്യാനോ റെണാൾഡോയുമെല്ലാമുണ്ട്.
ഇതോടൊപ്പം തന്നെ ടീമുകളുടെ പതാകക്കും ആവശ്യക്കാരേറെയുണ്ട്. അർജൻറീന, ബ്രസീൽ പതാകകളാണ് ഈയിനത്തിൽ കൂടുതൽ പോകുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ഇതോടൊപ്പം തൊപ്പിയും ഷാളും തോരണങ്ങളുമെല്ലാം ആരാധകർ യഥേഷ്ടം വാങ്ങികൂട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.