മലങ്കര അണക്കെട്ടും സമീപ പ്രദേശങ്ങളും
തൊടുപുഴ: മലങ്കരയിൽ ടൂറിസം-ഫിലിം ആൻഡ് നോളജ് സിറ്റി എന്ന പ്രഖ്യാപനം തൊടുപുഴക്ക് നൽകുന്നത് വമ്പൻ പ്രതീക്ഷകൾ. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ പഠനത്തിന് ബജറ്റിൽ ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
സിനിമ നിർമാണത്തിനും പഠനത്തിനും ടൂറിസത്തിനും ഉതകുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വിശദ പഠനം നടത്തി വേണം പദ്ധതി നടപ്പാക്കാനെന്ന് തൊടുപുഴ എം.എൽ.എ അപുജോൺ ജോസഫ് മാധ്യമത്തോട് പറഞ്ഞു.
എങ്ങനെ നടപ്പാക്കാം എന്നത് സംബന്ധിച്ച് പ്രാരംഭ ചർച്ചകളിലേക്ക് ഉടൻ കടക്കും. നെടുമ്പാശേരി സിയാൽ മോഡലിൽ പദ്ധതി നടപ്പാക്കുന്ന കാര്യങ്ങളും ആലോചനയിലുണ്ട്. മുവാറ്റുപുഴ വാലി ഇറിഗേഷന്റെ ഭൂമി പദ്ധതിക്കായി ഉപയോഗിക്കാൻ കഴിയുമെന്നും അപുജോൺ ജോസഫ് പറഞ്ഞു. മലയാളി സിനിമകളിൽ കണ്ടുപരിചയിച്ച നിരവധി കാഴ്ചകളുടെ യഥാർഥ വിലാസമാണ് തൊടുപുഴ. പതിറ്റാണ്ടുകളായി സിനിമയുടെ പ്രിയ ലൊക്കേഷനായി തുടരുന്ന ഈ പ്രദേശത്ത് ഇത്തരമൊരു പദ്ധതി പൂർത്തിയാകുന്നതോടെ അവസരങ്ങളുടെയും വികസനത്തിന്റെയും ഒരു ജാലകം തന്നെയാകും തുറന്നിടുക.
ടൂറിസം സാധ്യതകളും വളരും
മലങ്കരയും സമീപ പ്രദേശങ്ങളിലും നിരവധി സിനിമകളാണ് ഇപ്പോൾതന്നെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടടക്കം പദ്ധതിയുടെ ഭാഗമായുണ്ടാകും. സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റ് പ്രോഡക്ഷൻ, ഇൻഡോർ ഷൂട്ടിങ്, സ്റ്റുഡിയോകൾ എന്നിവയും ടൂറിസം ഫിലിം ആൻഡ് നോളജ് സിറ്റിയുടെ ഭാഗമാകും. എ.വി.എം സ്റ്റുഡിയോയുടെ മാതൃകയിൽ നവീകരിച്ച ഒന്നാകും സിറ്റിയെന്നും അപുജോൺ ജോസഫ് പറഞ്ഞു.
മലയാള സിനിമയുടെ ഭാഗ്യലൊക്കേഷനായി തൊടുപുഴ മാറിയിട്ട് അധിക വർഷങ്ങൾ ആയിട്ടില്ല. ഒരു വർഷം ശരാശരി അമ്പതോളം സിനിമകൾ ഇവിടെ ചിത്രീകരിക്കപ്പെടുന്നു എന്നാണ് കണക്ക്. മലങ്കര ഡാം, മുട്ടം, തൊമ്മൻകുത്ത്, ഇലവീഴാപൂഞ്ചിറ, കുടയത്തൂർ, അറക്കുളം തുടങ്ങിയ പ്രദേശങ്ങൾ മലയാള സിനിമയുടെ സുപരിചിത പശ്ചാത്തലങ്ങളാണ്. ഇതിന്റെ ടൂറിസം സാധ്യതയെ പ്രയോജനപ്പെടുത്തുന്നതും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വാട്ടർ തീം പാർക്കടക്കമുള്ള കാര്യങ്ങളും ഇതോടൊപ്പം ആലോചിക്കും. പദ്ധതി യാഥാർഥ്യമായാൽ മേഖലയിൽ സമഗ്രമായ സാമ്പത്തിക സാംസ്കാരിക നേട്ടമുണ്ടാകുമെന്നും കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.