മൂന്നാറിൽ എ. രാജയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോ
തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിന് കേളികൊട്ടുയർന്നതോടെ നാലു മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥികൾ പ്രചാരണം തുടങ്ങി. ഇടുക്കി മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ, ദേവികുളത്ത് സിറ്റിങ് എം.എൽ.എ എ. രാജ, പീരുമേട് സി.പി.ഐ ജില്ല സെക്രട്ടറി കെ. സലീംകുമാർ, ഉടുമ്പഞ്ചോലയിൽ കെ.കെ. ജയചന്ദ്രൻ എന്നിവരാണ് പ്രചാരണ രംഗത്ത് സജീവമായത്. ഇതിൽ രണ്ട് പേർ സിറ്റിങ് എം.എൽ.എമാരും ഒരാൾ ആ മണ്ഡലത്തിലെ തന്നെ മുൻ എം.എൽ.എയുമായാണ്. അതുകൊണ്ട് തന്നെ ഇവരെ മണ്ഡലത്തിൽ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്ന പ്രത്യേകതയുമുണ്ട്. കൂട്ടത്തിൽ പീരുമേട് മത്സരിക്കുന്ന സി.പി.ഐ ജില്ല സെക്രട്ടറി കെ. സലീംകുമാറാണ് മത്സര രംഗത്തെ പുതുമുഖം. പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ സ്ഥാനാർഥികൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടഭ്യർഥനയുമായെത്തി.
അടിമാലി: മൂന്നാറിൽ റോഡ് ഷോയുമായി എ. രാജ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പാർട്ടി പ്രവർത്തകരും തോട്ടം തൊഴിലാളികളുമടക്കം നൂറ് കണക്കിന് പ്രവർത്തകരടക്കമാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. രണ്ടാമതും രാജ തന്നെ വിജയിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ 10 വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം. ഒരു വർഗീയ ശക്തിക്കും ദേവികുളം മണ്ഡലത്തിൽ സ്ഥാനമില്ലെന്ന് എ. രാജ പറഞ്ഞു. സിറ്റിങ് എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിന്റെ മുക്ക് മൂലകളിൽ തനിക്കുള്ള ബന്ധം തുണയാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അതേസമയം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മുൻ എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന എസ്. രാജേന്ദ്രനാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി.
തൊടുപുഴ: എല്ലാ തെരഞ്ഞെടുപ്പിലും ഇടുക്കിയുടെ രാഷ്ട്രീയത്തിൽ മണ്ണ് പ്രധാനമാണ്. ഭൂ പ്രശ്നങ്ങളും പട്ടയത്തിനായുള്ള കാത്തിരിപ്പും പട്ടയം കിട്ടിയവരുടെ നിസ്സഹായതകളും കൈയേറ്റങ്ങളും വന്യമൃഗശല്യവും ഓരോ തെരഞ്ഞെടുപ്പിലും ചർച്ചയാണ്. ഇത്തവണയും ഇടുക്കി ജില്ലയിൽ ചർച്ചയാകുക പരിസ്ഥിതിയും ഭൂമി സംബന്ധമായ പ്രശ്നങ്ങളുമായിരിക്കും. ജില്ലയിലെ വിവിധ ജനകീയ പ്രശ്നങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഉടുമ്പഞ്ചോല, ഇടുക്കി മണ്ഡലങ്ങളില്‍ നിര്‍മാണ നിരോധനവും വന്യമൃഗശല്യവുടക്കമുള്ള കുടിയേറ്റ കര്‍ഷകരുടെ പ്രശ്നങ്ങളും വോട്ട് നിർണയിക്കും.
നിര്‍മാണ നിരോധനം നീക്കിയതുള്‍പ്പെടെ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായി സ്വീകരിച്ച നടപടികള്‍ ഉയര്‍ത്തിക്കാട്ടിയാകും എല്‍.ഡി.എഫ് വോട്ടു തേടുക. കൂടാതെ തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്തിയതും ആയിരങ്ങള്‍ക്ക് പട്ടയം നല്കിയതും ലൈഫ് മിഷന് വഴി വീട് നല്കിയതും ക്ഷേമ പെന്‍ഷനും കിറ്റുമടക്കമുള്ള സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പു വിഷയമാക്കും.
അതേസമയം ഭൂ പ്രശ്നങ്ങളിൽ എൽ.ഡി.എഫ് ജനങ്ങളെ കബളിപ്പിച്ചതായും ഇത് തുറന്നുകാട്ടുന്ന പ്രചാരണമാകും നടത്തുകയെന്നും യു.ഡി.എഫും ചൂണ്ടിക്കാട്ടുന്നു. പീരുമേട്, ദേവികുളം മണ്ഡലങ്ങളില്‍ തമിഴ് തോട്ടം തൊഴിലാളികളുടെ ദുരിതങ്ങളും തുറന്നുകാണിക്കും. ഇതിനു പുറമെ കാലങ്ങളായി നേരിടുന്ന പട്ടയ പ്രശ്നങ്ങള്‍, ഇടുക്കി പാക്കേജ് എന്നിവയെല്ലാം ഈ തെരഞ്ഞെടുപ്പിന്റെ സ്വാധീനീക്കുന്ന വിഷയങ്ങളാകും. ദേവികുളത്ത് തോട്ടം മേഖയലയുമായി ബന്ധപ്പെട്ട വിഷയങ്ങളാകും തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ വിഷയമാകുക. തൊടുപുഴയിലെ വികസനം ചൂണ്ടിക്കാട്ടി യു.ഡി.എ.ഫ് മുന്നിട്ടിറങ്ങുമ്പോൾ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും എൽ.ഡി.എഫിന്റെ പ്രചാരണം.
പൊതുവേ യു.ഡി.എഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ജില്ലയാണ് ഇടുക്കിയെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും രണ്ട് പതിറ്റാണ്ടായി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എൽ.ഡി.എഫിനാണ് മേല്‍ക്കൈ. കഴിഞ്ഞ നാല് ടേമുകളിലായി കോണ്‍ഗ്രസിന് ഒരു എം.എൽ.എ പോലും ജില്ലയിലില്ല. നിലവില്‍ തൊടുപുഴ ഒഴിച്ച് മറ്റ് നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്.
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയിലെ സ്ഥാനാർഥിയായ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ കെ.കെ. ജയചന്ദ്രന് തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്പെ മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി. തിങ്കളാഴ്ച കരുണാപുരം പഞ്ചായത്തിലായിരുന്നു. എന്‍.എസ്.എസ്.എസ്, എന്‍.ഡി.പി തുടങ്ങി വിവിധ സാമുദായിക സാംസ്കാരിക സംഘടന നേതാക്കള്‍, വ്യാപാരി സംഘടന നേതാക്കള്‍ തുടങ്ങിയവരെ നേരില്‍ കാണുകയും വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തു.
എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്ണയമായില്ല. ചില സാമുദായിക സംഘടനകളുടെ ഇടപെടല്‍ മൂലം സ്ഥാനാര്‍ഥി നിര്‍ണയത്തിന് കാലതാമസം നേരിടുന്നതായാണ് സൂചന. ഇടത് സ്ഥാനാർഥി പ്രചാരണ രംഗത്ത് സജീവമായതോടെ എത്രയും വേഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് സജീവമാകണമെന്ന ആവശ്യമാണ് യു.ഡി.എഫിനുള്ളിൽ ഉയരുന്നത്. എൻ.ഡി.എ സ്ഥാനാർഥിയെയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.