ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ലെ അ​മ​ർ ജ​വാ​ൻ സ്മാ​ര​ക​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി പു​ഷ്പ​ച​ക്രം അ​ർ​പ്പി​ക്കു​ന്നു, ഇ​ടു​ക്കി എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ത്ഥി റോ​ഷി അ​ഗ​സ്​​റ്റി​ൻ വോ​ട്ട​ർ​മാ​രോ​ട്​ വോ​ട്ട​ഭ്യ​ർ​ത്ഥി​ക്കു​ന്നു

ജനവിധിക്കിനി നാല് നാൾ; നാടെങ്ങും പ്രചാരണപ്പൂരം

തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന് നാല് ദിനം മാത്രം ശേഷിക്കേ നാടെങ്ങും വോട്ടാവേശം കത്തിക്കയറുന്നു. ജില്ലയിലെ അഞ്ച് നിയസഭ മണ്ഡലങ്ങളിലും പോരാട്ടം അവസാനലാപ്പിലേക്ക് കടന്നു കഴിഞ്ഞു. തൊടുപുഴ, ഇടുക്കി, ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുളളത്. ഇവിടങ്ങളിലെല്ലാം തെരഞ്ഞെടുപ്പാവേശം പരകോടിയിലാണ്. ഇതോടെ എല്ലാ മണ്ഡലങ്ങളിലും പോരാട്ടം പ്രവചനാതീതമാകുകയാണ്. അവധി ദിനങ്ങളിലും ആവേശം ചോരാതെ

തുടർച്ചയായെത്തിയ അവധി ദിനങ്ങളിലും ആവേശം ചോരാതെയാണ് സ്ഥാനാർഥികളും മുന്നണികളും പ്രചാരണം നടത്തിയത്. പെസഹ വ്യാഴ ദിനത്തിൽ പതിവ് പ്രചാരണ പരിപാടികളാണ് നടന്നതെങ്കിൽ ദുഃഖവെള്ളി ദിനത്തിൽ സ്ഥാനാർഥികൾ പൊതുപര്യടനം ഒഴിവാക്കി. ആരാധനാലയങ്ങളും വീടുകളും കേന്ദ്രീകരിച്ചായിരുന്നു വോട്ടഭ്യർഥന. ദുഖവെള്ളിയോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളിലും ജുമാ നമസ്കാരത്തോടനുബന്ധിച്ച് മുസ്ലിം പള്ളികളിലും സ്ഥാനാർഥികൾ വോട്ടഭ്യർഥനയുമായെത്തി. പ്രചാരണം അവസാന ദിനങ്ങളിലേക്ക് കടന്നതോടെ പലയിടങ്ങളിലും റോഡ്ഷോകളും റാലികളും നേതാക്കളുടെ പര്യടനങ്ങളുമെല്ലാം സജീവമായി. ഇതോടെ സ്ഥാനാർഥികളും നേതാക്കളും ഒരിടത്ത് നിന്ന് അടുത്ത പ്രചാരണ വേദിയിലേക്ക് ഓട്ടപ്പാച്ചിലാണ്.

 ഇന്ന് അവസാന ഞായർ; വോട്ടാവേശം വാനോളം

വോട്ടെടുപ്പിന് മുമ്പുളള അവസാന ഞാ‍യറാഴ്ചയും ഈസ്റ്റർ ദിനവും ഒരുമിച്ചാണെന്ന പ്രത്യകതയാണ് ഇന്നത്തെ ദിവസത്തിനുളളത്. എന്നാൽ സ്ഥാനാർഥികൾക്കും അണിയറ പ്രവർത്തകർക്കും ഞായറാഴ്ച വിശ്രമമില്ലാത്ത ദിനമാണ്. പരമാവധി പേരെ നേരിൽകാണാനും ഇത് വരെ സന്ദർശിക്കാത്ത കേന്ദ്രങ്ങൾ സന്ദർശിക്കാനുമെല്ലാം ഈ ദിവസം പ്രയോജനപ്പെടുത്താനാണ് സ്ഥാനാർഥികളുടെ തീരുമാനം. ഇതോടൊപ്പം പലയിടങ്ങളിലും റോഡ് ഷോ അടക്കമുളള പൊതുപരിപാടികളും മറ്റും ആസൂത്രണം ചെയ്തിട്ടുണ്ട്. അതോടൊപ്പം പ്രവർത്തകർ കൂട്ടമായുളള ഭവന സന്ദർശനവും പലയിടങ്ങളിലും ഇന്നാണ് നടക്കുന്നത്.

ഈ സന്ദർശനത്തിലാണ് വോട്ടിങ് മെഷീനിന്റെ മാതൃക വീടുകളിലെത്തിച്ച് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യിപ്പിച്ച് പരിശീലനം നൽകുന്നത്. ഇതോടൊപ്പം സ്ലിപ്പ് വിതരണം അടക്കമുളള പ്രവർത്തനങ്ങളും നടക്കും. ഞായറാഴ്ച ഗൃഹസന്ദർശനങ്ങൾ നടക്കാത്ത മേഖലകളിൽ തൊട്ടടുത്ത ദിവസങ്ങളിൽ നടക്കും. പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ നാടെങ്ങും ശബ്ദ പ്രചാരണവും സജീവമായിട്ടുണ്ട്. സ്ഥാനാർഥികളുടേയും മുന്നണികളുടേയും വാഴ്ത്തുപാട്ടുകളും വിമർശനങ്ങളുമൊക്കെയായി വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്. കൊട്ടിക്കലാശം അടുക്കുന്തോറും ശബ്ദപ്രചാരണത്തിന് വീര്യവും കൂടും.

Tags:    
News Summary - Four days left until the Assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.