സർഗാത്മക ചിത്രം
തൊടുപുഴ: തെരഞ്ഞെടുപ്പ് സമയത്ത് ഇടുക്കിയിലെ ഉടുമ്പൻചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളിൽ ഉയരുന്ന വിവാദമാണ് ഇരട്ട വോട്ട്. രാജകുമാരി പഞ്ചായത്തിൽ ഇരട്ട വോട്ടുകളുണ്ടെന്ന പരാതിയുമായി ഇത്തവണ കോൺഗ്രസ് രംഗത്തെത്തിയതോടെ വീണ്ടും ഇതുസംബന്ധിച്ച ചർച്ച സജീവമായിട്ടുണ്ട്. തോട്ടങ്ങളിൽ ജോലി ചെയ്യാൻ കേരളത്തിലെത്തിയവർ ഇവിടെ സ്ഥിരതാമസ രേഖയുണ്ടാക്കി വോട്ടവകാശം നേടിയ ശേഷം, പിന്നീട് തമിഴ്നാട്ടിലേക്ക് തിരിച്ചുപോയാലും ഈ വോട്ട് നിലനിർത്തുന്നതാണ് ഇരട്ട വോട്ടുകൾക്ക് കാരണം.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഇരട്ട വോട്ടുള്ളവർ സ്വമേധയാ അപേക്ഷ നൽകി ഒരു സംസ്ഥാനത്തെ വോട്ട് റദ്ദാക്കണമെന്ന് റവന്യൂ വകുപ്പ് അറിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 272 പേരാണ് ഹിയറിങ്ങിൽ പങ്കെടുത്ത് ഒരു സംസ്ഥാനത്തെ വോട്ട് റദ്ദാക്കിയത്. ഇതിൽ ഭൂരിഭാഗം പേരും കേരളത്തിലെ വോട്ടാണ് റദ്ദാക്കിയത്.
തമിഴ്നാട്ടിൽ വോട്ടുള്ളവർക്ക് ലഭിക്കുന്ന വൻ ആനുകൂല്യങ്ങളാണ് അവിടെയും വോട്ട് നിലനിർത്താൻ ഇരട്ട വോട്ടുള്ളവരെ പ്രേരിപ്പിക്കുന്നത്. എസ്.ഐ.ആർ നടപ്പാക്കിയ ശേഷവും ഒട്ടേറെ ഇരട്ട വോട്ടുകളുണ്ടെന്ന് ആക്ഷേപമുണ്ട്. പലയിടത്തും സ്ഥാനാർഥികളുടെ ജയപരാജയങ്ങളെവരെ സ്വാധീനിക്കാൻ കഴിയുന്നതാണ് ഈ ഇരട്ട വോട്ടുകൾ.
എസ്.ഐ.ആറിന്റെ ഭാഗമായി ഉടുമ്പൻചോല മണ്ഡലത്തിൽമാത്രം എണ്ണായിരത്തോളം വോട്ടർമാരാണ് ഹിയറിങ്ങിൽ പങ്കെടുത്തത്. ഇതുൾപ്പെടെ 15,000 വോട്ടുകളാണ് ഉടുമ്പൻചോല മണ്ഡലത്തിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും തമിഴ്നാട്ടിലെ വോട്ടർമാരാണെന്നാണ് വിവരം.
കേരളത്തിലും തമിഴ്നാട്ടിലും വ്യത്യസ്ത സമയങ്ങളിൽ ഇത്തവണ വോട്ടെടുപ്പ് നടക്കുന്നതിനാൽ ഇത്തവണ ഇരട്ട വോട്ടുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും തലപൊക്കുകയായിരുന്നു.
തമിഴ്നാട്ടിൽ താമസിക്കുന്നവർക്ക് കേരളത്തിലെ സ്ഥിരതാമസ രേഖകൾ തരപ്പെടുത്തി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന ചിലർ രംഗത്തുണ്ടെന്നും ആക്ഷേപങ്ങളുണ്ട്. മൂന്നു പതിറ്റാണ്ടിലേറെയായി ഇടുക്കിയിലെ തമിഴ് മേഖലയിൽനിന്ന് ഈ പരാതി ഉയരാറുണ്ട്. ഇത്തവണ ഇരട്ട വോട്ടർമാരെ ഒഴിവാക്കാൻ സാധിച്ചെന്ന് അധികൃതർ പറയുന്നു. എന്നാൽ, തടവുശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഇതിന് ഇപ്പോഴും അറുതിവരുത്താൻ കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.