നിർമാണം പാതിവഴിയിൽ നിലച്ച മാറിക-കോലാനി റോഡിൽ വാഹനം കടന്നുപോകുമ്പോൾ ഉയരുന്ന പൊടി
തൊടുപുഴ: ആലപ്പുഴ-മധുര സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ-കൂത്താട്ടുകുളം റോഡിലെ നവീകരണപ്രവർത്തനങ്ങൾക്ക് ഒച്ചിഴയും വേഗത. സംസ്ഥാന പാതയിൽ പെടുന്ന ജില്ലയിലെ മാറിക-കോലാനി ഭാഗത്ത് നടക്കുന്ന നവീകരണ പ്രവർത്തനങ്ങളാണ് ഇഴയുന്നത്. ഇതോടെ യാത്രാക്ലേശവും പൊടിശല്യവും കാരണം തീരാദുരിതത്തിലാണ് നാട്ടുകാർ. എട്ട് മാസം മുമ്പാണ് നവീകരണം ആരംഭിച്ചത്. ഒമ്പത് കിലോമീറ്ററോളം ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്.
റോഡ് നവീകരിച്ച് ബി.എം.ബി.സി നിലവാരത്തിൽ ടാറിങ് അടക്കം പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, റോഡിൽ പല ഭാഗങ്ങളിലായി ടാർ കുത്തിപ്പൊളിച്ച് മെറ്റലിട്ടതാണ് ദുരിതത്തിന് കാരണം. ഇടവിട്ട് ഈ രീതിയിൽ മെറ്റലിട്ട ശേഷം പണി പൂർത്തീകരിക്കാതായതോടെ അപകടം പതിവായി. ഇതോടൊപ്പമാണ് രൂക്ഷമായ പൊടിശല്യവും ഉയരുന്നത്. ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ഓരോ വാഹനം പോകുമ്പോഴും ഉയരുന്ന പൊടി കാരണം റോഡിന് ഇരുവശവുമുള്ള കുടുംബങ്ങളും കച്ചവട സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. രൂക്ഷമായ പരാതിയുള്ളയിടങ്ങളിൽ മാത്രം വാഹനത്തിൽ വെള്ളമെത്തിച്ച് ഒരു നേരം പേരിന് നനക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ ആരും തിരിഞ്ഞ് നോക്കാനില്ലാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.
നവീകരണത്തിന്റെ ആദ്യപടിയായി നടന്ന കലുങ്ക് നിർമാണം ഇഴഞ്ഞതാണ് പ്രവൃത്തി നീളാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതോടെ റോഡിലെ മറ്റ് പുനർനിർമാണ പ്രവർത്തനങ്ങളും വൈകുകയായിരുന്നു. ഇതിനിടെ പാതയുടെ ഭാഗമായ എറണാകുളം ജില്ലയിൽ പെടുന്ന മാറിക-കൂത്താട്ടുകുളം ഭാഗത്തെ നവീകരണ പ്രവർത്തനങ്ങളുടെ കരാറും ഇതേ കോൺട്രാക്ടർമാർക്കാണ് ലഭിച്ചിരിക്കുന്നത്. ഇവർ ഈ പണിയിൽ ശ്രദ്ധ ചെലുത്തിയതോടെ കോലാനി റോഡ് നവീകരണം പൂർണമായി നിലച്ച മട്ടാണ്. വേനൽമഴയും കാലവർഷവും സമീപത്തെത്തിയതോടെ ഇത് രണ്ടും റോഡ് നിർമാണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പണി വേഗത്തിലാക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്താൻ വകുപ്പുദ്യേഗസ്ഥർ തയാറാകുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.