തൊടുപുഴ: ജില്ലയില്‍ വൈദ്യുതി അപകടങ്ങൾ വർധിച്ചുവരുന്നതായി ജില്ലതല വൈദ്യുതി അപകട നിവാരണ സമിതി യോഗം വിലയിരുത്തി. പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളില്‍ ഏറെയും ഇരുമ്പുതോട്ടി ഉപയോഗിച്ച് ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങള്‍ പറിക്കുന്നതും അശ്രദ്ധമായി വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതും മൂലമാണ്. കൂടാതെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഇ.എൽ.സി.ബി/ആർ.സി.സി.ബി സ്ഥാപിക്കാതിരിക്കുക, സുരക്ഷിതമല്ലാത്ത രീതിയില്‍ താൽക്കാലികമായി വയർ വലിച്ച് ഉപയോഗിക്കുക, ബോർഡിന്റെ അനുമതിയില്ലാതെ ജനറേറ്ററുകള്‍ സ്ഥാപിക്കുക, വൈദ്യുതി തൂണുകളിലും മറ്റും പരസ്യ ബോർഡുകള്‍, കൊടിതോരണങ്ങള്‍ സ്ഥാപിക്കുക, വൈദ്യുതി ലൈനിന് താഴെ ഇരുമ്പ് തൂണുകള്‍ സ്ഥാപിക്കുക എന്നിവ അപകടങ്ങള്‍ വർധിക്കാന്‍ കാരണമാകുന്നു. അനധികൃതമായി ജനറേറ്ററുകള്‍ സ്ഥാപിച്ച വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും പരിശോധന കർശനമാക്കാനും യോഗം തീരുമാനിച്ചു.
കുളമാവ് ഡാമിന് സമീപവും കോലാഹലമേട്ടിലും പ്രവർത്തിക്കുന്ന നിരവധി അനധികൃത കടകള്‍ മൂലം അപകടങ്ങള്‍ ഉണ്ടാകാൻ സാധ്യതയെന്ന് യോഗം ചൂണ്ടിക്കാട്ടി. പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തിയും പരിശോധനകള്‍ കർശനമാക്കിയും അപകടങ്ങള്‍ കുറക്കും. ജില്ലയുടെ ഭൂപ്രകൃതി കണക്കിലെടുത്ത് താഴ്ന്നതും മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലും മുൻകരുതല്‍ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കലക്ടർ, എ.ഡി.എം, ജില്ല പൊലീസ് മേധാവി, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ, ജില്ല ഇലക്ട്രിക്കല്‍ ഇൻസ്പെക്ടർ, വിവിധ ഡിവിഷനുകളിലെ എക്സിക്യൂട്ടിവ് എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.