തൊടുപുഴ: മൂന്നര പതിറ്റാണ്ടിന് ശേഷം അഞ്ചില്‍ അഞ്ച് സീറ്റും നേടി ഇടുക്കി ജില്ല യു.ഡി.എഫ് തൂത്തുവാരിയപ്പോൾ ഒട്ടേറെ സസ്പെൻസുകളാണ് ഇതോടനുബന്ധിച്ച് അരങ്ങേറിയത്. ചിലതൊക്കെ ചരിത്രത്തിലേക്കും മറ്റുള്ളത് കൗതുകത്തിനും വഴിമാറി.തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് വിജയം കൊയ്തപ്പോള്‍ ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും വെന്നിക്കൊടി പാറിച്ചു. ഈ തേരോട്ടത്തിൽ മണ്ഡലങ്ങൾക്ക് പറഞ്ഞുനടക്കാൻ ഒട്ടേറെ വിശേഷങ്ങളുമുണ്ട്.
ഇടുക്കി ജില്ലയിൽ മത്സരിച്ച അഞ്ച് യു.ഡി.എഫ് സ്ഥാനാർഥികളുടെയും ആദ്യ വിജയം എന്ന പ്രത്യേകതയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന കൗതുകം. കോൺഗ്രസിലെ റോയി കെ. പൗലോസ്, എഫ്. രാജ, കേരള കോൺഗ്രസിലെ അപുജോൺ ജോസഫ് എന്നിവർ തങ്ങളുടെ ആദ്യ മത്സരത്തിൽതന്നെ വിജയം കരസ്ഥമാക്കി. ഉടുമ്പൻ ചോലയിൽ ജയിച്ച സേനാപതി വേണു 2016ലും പീരുമേട്ടിൽ ജയിച്ച സിറിയക് തോമസ് 2016ലും 2021ലും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് റോയി കെ. പൗലോസ് ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്‍റ്, സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പള്ളിവാസൽ ആറ്റുകാട് സ്വദേശിയായ എഫ്. രാജ യൂത്ത് കോൺഗ്രസ് കോഓഡിനേറ്റർ പള്ളിവാസൽ പഞ്ചായത്തംഗം, ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും അപു ജോൺ ജോസഫ് കേരള കോൺഗ്രസ് സംസ്ഥാന കോഓഡിനേറ്റർ ഐ.ടി ആൻഡ് പ്രഫഷനൽ കോൺഗ്രസ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി ഒരു എം.എൽ.എപോലും ജില്ലയിലില്ല എന്ന അപഖ്യാതി ഈ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന് മാറ്റിയെഴുതാൻ കഴിഞ്ഞു. 2001ലാണ് കൈപ്പത്തി ചിഹ്നത്തിൽ അവസാനമായി ജില്ലയിൽ ജയമുണ്ടായത്. ദേവികുളത്തുനിന്ന് എ.കെ. മണി, തൊടുപുഴയിൽനിന്ന് പി.ടി. തോമസ്, പീരുമേട് നിന്ന് ഇ.എം. ആഗസ്തി എന്നിവരാണ് അന്ന് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചത്. ഇത്തവന നാല് സീറ്റിലും കോൺഗ്രസ് വിജയക്കൊടി പാറിക്കുകയായിരുന്നു.
1970 മുതൽ ഇത് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ തൊടുപുഴയുടെ മൂന്നാം എം.എൽ.എയായാണ് അപുജോൺ ജോസഫ് എത്തുന്നത്. 70 മുതൽ ഇന്നുവരെ തൊടുപുഴയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് പി.ജെ. ജോസഫും പി.ടി. തോമസുമാണ്. ഇക്കാലയളവിൽ നടന്ന 12 തെരഞ്ഞെടുപ്പുകളിൽ പത്തിലും പി.ജെ. ജോസഫ് വിജയിച്ചു. 1991, 2001 വർഷങ്ങളിലായിരുന്നു പി.ടി. തോമസിന്‍റെ വിജയം. പി.ജെ. ജോസഫ് ഇത്തവണ മത്സരരംഗത്തുനിന്ന് പിൻമാറിയതോടെയാണ് മണ്ഡലത്തിൽ മകൻ അപുജോൺ ജോസഫിന് നറുക്ക് വീണത്.
രാജമാരുടെ മത്സരംകൊണ്ട് ശ്രദ്ധയാകർഷിച്ച ദേവികുളത്ത് തകർന്നത് 20 വർഷത്തെ എൽ.ഡി.എഫ് കുത്തകയാണ്. കോൺഗ്രസിലെ എഫ്. രാജ 5233 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എഫ്. രാജ 50590 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫിന്‍റെ എ. രാജ 45357 വോട്ടുകൾ നേടി. മൂന്ന് തവണ മണ്ഡലത്തിൽ സി.പി.എം എം.എൽ.എയായിരുന്ന എസ്. രാജേന്ദ്രൻ 15032 വോട്ടുകൾ നേടി. തുടർച്ചയായി 15 വർഷം എസ്. രാജേന്ദ്രനും തുടർന്ന് എ. രാജയുമായിരുന്നു എം.എൽ.എമാർ. മുൻ എം.എൽ.എമാരായ എൻ. ഗണപതി, കിട്ടപ്പനാരായണ സ്വാമി എന്നിവരുടെ കുടുംബത്തിലെ രണ്ടാം തലമുറയിൽപ്പെട്ടയാളാണ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട എഫ്. രാജ.
ഇടുക്കി ജില്ലയിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം തൊടുപുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി അപുജോൺ ജോസഫിന്‍റേതാണ്. 44291 വോട്ടിന്‍റെ ഭൂരിപക്ഷമാണ് അപു നേടിയത്. ആകെ ലഭിച്ച വോട്ട് 84,796 ആണ്. 2016ൽ കേരളത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം 45587 വോട്ട് നേടിയായിരുന്നു പി.ജെയുടെ വിജയം. കന്നിയങ്കത്തിൽ അപു ജോൺ ജോസഫ് 44291 വോട്ട് നേടി പിതാവിന്‍റെ വിജയത്തിന് തൊട്ട് പിന്നിലെത്തി. അപുവിന് ലഭിച്ച ഭൂരിപക്ഷം വോട്ട് പോലും എൽ.ഡി.എഫ് സ്ഥാനാർഥി സിറിയക് ചാഴികാടന് ലഭിച്ചില്ല. സിറിയകിന് ആകെ ലഭിച്ചത് 40505 വോട്ട് മാത്രമാണ്. ദേവികുളം മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി എഫ്. രാജക്ക് 5233 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
ഇടുക്കിയിൽ കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ വിജയിച്ചിരുന്നെങ്കിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിന്‍റെ റെക്കോഡ് മറികടക്കാമായിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ തവണ ഒരു മണ്ഡലത്തിൽനിന്ന് തുടർച്ചയായി വിജയിക്കുന്നയാൾ എന്ന റെക്കോഡാണ് നേടാൻ കഴിയാതെ പോയത്. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിൽ റോഷിയുടെ ആറാം വിജയമാകുമായിരുന്നു. 2001 മുതൽ ഇടുക്കിയിൽ റോഷി അല്ലാതെ മറ്റൊരാൾ എം.എൽ.എ ആയിട്ടില്ല. തൊടുപുഴയിൽ 1970 മുതൽ 1987 വരെ അഞ്ച് തവണ തുടർച്ചയായി ജോസഫ് ജയിച്ചെങ്കിലും 1991ൽ പി.ടി. തോമസിനോട് പരാജയപ്പെട്ടിരുന്നു.
പീരുമേട് മണ്ഡലത്തിൽ വിജയിയുടെ ഭൂരിപക്ഷം എന്നും കുറവായിരുന്നു. എന്നാൽ, ഇത്തവണ ആ പതിവങ്ങ് തെറ്റിച്ചു. 14 തവണ തെരഞ്ഞെടുപ്പ് നടന്നെങ്കിലും പീരുമേട് മണ്ഡലത്തിൽ വിജയിയുടെ ഭൂരിപക്ഷം പതിനായിരം കടന്നിട്ടില്ല. 1982ൽ കോൺഗ്രസിന്‍റെ കെ.കെ. തോമസ് നേടിയ 9029 ആണ് ഏറ്റവും ഉയർന്ന ഭൂരിപക്ഷം. കഴിഞ്ഞ മൂന്ന് തവണ അയ്യായിരത്തിന് മുകളിൽ ഭൂരിപക്ഷം ഉയർന്നിട്ടില്ല. 2016ൽ സി.പി.ഐയുടെ ഇ.എസ്. ബിജിമോളുടെ ഭൂരിപക്ഷം 314 വോട്ടുകൾ മാത്രമാണ്. യു.ഡി.എഫ് സ്ഥാനാർഥി സിറിയക് തോമസ് 27,634 ഭൂരിപക്ഷത്തോടെയാണ് മണ്ഡലത്തിൽ ജയിച്ചത്. പിതാവിന്‍റെ ഭൂരിപക്ഷമാണ് സിറിയക് തോമസ് മറികടന്നതെന്നത് മറ്റൊരു ചരിത്രം.
മന്ത്രി റോഷി അഗസ്റ്റിൻ വോട്ട് രേഖപ്പെടുത്തിയ ബൂത്തിൽ യു.ഡി.എഫ് സ്ഥാനാർഥി റോയി കെ. പൗലോസിനാണ് ഭൂരിപക്ഷം. വാഴത്തോപ്പ് പഞ്ചായത്തിലെ വാഴത്തോപ്പ് ഗവ. വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 81ാം നമ്പർ ബൂത്തിലാണ് റോഷി വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ റോയി കെ. പൗലോസിന് 51 വോട്ടിന്‍റെ ലീഡുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ റോഷിക്ക് ഭൂരിപക്ഷം നൽകിയിരുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് ആദ്യ റൗണ്ടിൽതന്നെ റോയി കെ. പൗലോസിനൊപ്പമായിരുന്നു. പിന്നെയുള്ള റൗണ്ടുകളിലെല്ലാം പടിപടിയായി ഭൂരിപക്ഷം റോയി ഉയർത്തുകയായിരുന്നു.
തൊടുപുഴ നിയോജക മണ്ഡലത്തിന് ഇത്തവണ രണ്ട് എം.എൽ.എമാരാണ്. തൊടുപുഴയിൽ വിജയിച്ച അപുജോൺ ജോസഫും ഇടുക്കി മണ്ഡലത്തിൽനിന്ന് വിജയിച്ച റോയി കെ. പൗലോസുമാണിവർ. ഇരുവരും തൊടുപുഴ നിയോജക മണ്ഡലത്തിൽ താമസക്കാരാണ്. ഉടുമ്പന്നൂർ പഞ്ചായത്തിലെ പന്നൂർ സ്വദേശിയാണ് റോയി കെ. പൗലോസ്. പുറപ്പുഴ പഞ്ചായത്തിലാണ് അപു ജോൺ ജോസഫ്.
ജില്ലയിലെ സി.പി.എം നേതൃത്വം ഉടുമ്പഞ്ചോലയിലെ സ്ഥാനാർഥിയായി കണ്ടെത്തിയത് എം.എം. മണിയെയായിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വം ഇത് മറികടന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.കെ. ജയചന്ദ്രന് സീറ്റ് നൽകുകയായിരുന്നു. ഇത് മണ്ഡലത്തിലെ പ്രവർത്തകർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയിരുന്നു. ഇതടക്കം കാര്യങ്ങൾ ഉടുമ്പൻ ചോലയിൽ സേനാപതി വേണുവിന് ഗുണം ചെയ്തു. നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളില്‍ ഉടുമ്പഞ്ചോല ഒഴികെ ഒമ്പത് പഞ്ചായത്തുകളും സേനാപതി ലീഡ് ചെയ്യുകയും ചെയ്തു.
സി.പി.ഐ തങ്ങളുടെ ഉറച്ച കോട്ടയായി കരുതുന്ന പീരുമേട് മണ്ഡലത്തിൽ ഇത്തണ പാർട്ടി ജില്ല സെക്രട്ടറി കെ. സലിം കുമാറിന്‍റെ തോൽവി തിരിച്ചടിയായി. തോട്ടം മേഖലയിലെ ഉറച്ച വോട്ടുകൾ പോലും ഇവിടെ ചോർന്നു. ജില്ലയിൽ സി.പി.ഐ നേതൃത്വത്തിനെതിരെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. പലരും പാർട്ടി വിടുന്ന സ്ഥിതി വരെയുണ്ടായി. പ്രശ്നങ്ങൾ വേണ്ട രീതിയിൽ പരിഹരിക്കാത്തതടക്കം പീരുമേട്ടിലെ സി.പി.ഐയുടെ തോൽവിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.