​തൊ​ടു​പു​ഴ​യി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി അ​പു ജോ​ൺ ജോ​സ​ഫി​നെ വോ​​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന്​ പു​റ​ത്ത്​ പ്ര​വ​ർ​ത്ത​ക​ർ എ​ടു​ത്തു​യ​ർ​ത്തു​ന്നു

തൊടുപുഴ: കാത്തിരിപ്പിനൊടുവിൽ അഞ്ചിൽ അഞ്ച് മണ്ഡലങ്ങളും കൈപ്പിടിയിലൊതുക്കി മലയോര ജില്ലയിൽ യു.ഡി.എഫ് തേരോട്ടം. പതിറ്റാണ്ടുകളോളം ഇടത് കുത്തകകളായിരുന്ന മണ്ഡലങ്ങളിലടക്കമാണ് സംസ്ഥാനമാകെ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിൽ ജില്ലയും കൈപിടിച്ചത്. പ്രവചനങ്ങളേയും എക്സിറ്റ് പോളുകളേയും എല്ലാം കാറ്റിൽ പറത്തുന്ന മിന്നും വിജയമാണ് ജില്ലയിൽ യു.ഡി.എഫ് നേടിയത്.

എക്സിറ്റ് പോളുകളും പ്രവചനങ്ങളുമെല്ലാം രണ്ട് സീറ്റുകൾ ഇടത് മുന്നണിക്ക് പ്രവചിച്ചെങ്കിലും ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിൽ അതെല്ലാം വെറുതെയായി. ഇതിൽതന്നെ മുതിർന്ന സി.പി.എം നേതാവും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ കെ.കെ. ജയചന്ദ്രൻ ഉടുമ്പഞ്ചോലയിലും മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിലും പരാജയപ്പെട്ടത് എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൊടുപുഴ ഒഴികെ മറ്റ് നാല് മണ്ഡലങ്ങളും ഇടതിനൊപ്പമായിരുന്നു. എന്നാൽ, ഇത്തവണ മൃഗീയ ഭൂരിപക്ഷത്തോടെ തൊടുപുഴ നിലനിർത്തിയതോടൊപ്പം ഇടുക്കി, ദേവികുളം, പീരുമേട്, ഉടുമ്പൻചോല മണ്ഡലങ്ങൾ കൂടി യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.

ആദ്യഘട്ടം മുതൽ യു.ഡി.എഫ്

ജില്ലയിൽ ദേവികുളത്തൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലെല്ലാംതന്നെ വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ യു.ഡി.എഫ് സ്ഥാനാർഥികൾ മുന്നേറ്റം തുടങ്ങിയിരുന്നു. ശക്തമായ പോരാട്ടത്തിന്റെ പ്രതീതി ജനിപ്പിച്ചത് ദേവികുളത്ത് മാത്രമായിരുന്നു. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി എ. രാജയും യു.ഡി.എഫ് സ്ഥാനാർഥി എഫ്. രാജയും തമ്മിലാണ് വീറുറ്റ പോരാട്ടം നടന്നത്. ഇതോടെ വോട്ടെണ്ണലിന്റെ ഓരോ റൗണ്ടിലും ലീഡ് നില മാറിമറിഞ്ഞു. എങ്കിലും വോട്ടെണ്ണൽ അവസാനിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി എഫ്. രാജ 5233 വോട്ടുകളുടെ വ്യക്തമായ ലീഡ് നേടി.

മന്ത്രി റോഷി അഗസ്റ്റിനും യു.ഡി.എഫ് സ്ഥാനാർഥി റോയി കെ. പൗലോസു തമ്മിൽ ഗ്ലാമർ പോരാട്ടം നടന്ന ഇടുക്കി മണ്ഡലത്തിൽ 23,822 വോട്ടുകൾക്കാണ് റോയി കെ. പൗലോസ് റോഷി അഗസ്റ്റിനെ പരാജയപ്പെടുത്തിയത്. റോയി കെ. പൗലോസ് 70,264 വോട്ടുകളും റോഷി അഗസ്റ്റിൻ 46,547 വോട്ടുകളും നേടിയപ്പോൾ എൻ.ഡി.എ സ്ഥാനാർഥി പ്രതീഷ് പ്രഭ 9380 വോട്ടുകളും നേടി. ഇവിടെ ഒരു ഘട്ടത്തിലും മന്ത്രിക്ക് മുന്നിലെത്താനായില്ല.

പീരുമേടും തിളക്കമാർന്ന വിജയമാണ് യു.ഡി.എഫിന് സമ്മാനിച്ചത്. ഇവിടെ രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥി സിറിയക് തോമസ് 27634 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർഥി കെ. സലീംകുമാറിനെ പരാജയപ്പെടുത്തിയത്.

സിറിയക് തോമസ് 69,672 വോട്ടുകളും കെ. സലീം കുമാർ 42038 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി രതീഷ് വരകുമല 9218 വോട്ടുകളും നേടി. കാൽ നൂറ്റാണ്ടിന് ശേഷമാണ് ഉടുമ്പൻചോലയിലെ ചുവപ്പുകോട്ട യു.ഡി.എഫ് പൊളിച്ചത്. മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി സേനാപതി വേണു 20,021 വോട്ടുകൾക്കാണ് ഇടത് സ്ഥാനാർഥി കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്തിയത്. സേനാപതി വേണു 64916 വോട്ടുകളും കെ.കെ. ജയചന്ദ്രൻ 44895 വോട്ടുകളും നേടിയപ്പോൾ എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥൻ 10157 വോട്ടുകൾ നേടി.

തൊടുപുഴയിൽ കോട്ട കെട്ടിയാണ് യു.ഡി.എഫ് സ്ഥാനാർഥി അപുജോൺ ജോസഫിന്റെ വിജയം. എൽ.ഡി.എഫ് സ്ഥാനാർഥി സിറിയക് ചാഴിക്കാടനെ 44,291 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അപു ജോൺജോസഫ് 84,796 വോട്ടുകൾ നേടിയപ്പോൾ സിറിയക് 40,505 വോട്ടും എൻ.ഡി.എ സ്ഥാനാർഥി റോയി വാരിക്കാട്ട് 12,679 വോട്ടുകൾ മാത്രമാണ് നേടിയത്.

ഇടതിന് തിരിച്ചടിയായി ഭരണവിരുദ്ധ വികാരവും ജില്ലയിലെ ഭൂപ്രശ്നവും

സംസ്ഥാന ഭരണത്തിനെതിരായ ജനവികാരത്തോടൊപ്പം ഇടുക്കിയിലെ പ്രാദേശിക പ്രശ്നങ്ങളും ജില്ലയിൽ ഇടത് സ്ഥാനാർഥികളുടെ പരാജയത്തിന് ആക്കം കൂട്ടി. ജില്ലയിലെ പട്ടയ ഭൂപ്രശ്നങ്ങളും നിർമാണ നിരോധനവും വന്യമൃഗശല്യം പരിഹരിക്കുന്നതിൽ സർക്കാറിന് സംഭവിച്ച വീഴ്ചകളും ജില്ലയിലെ ജനങ്ങളെ സർക്കാറിന് എതിരാക്കി. ഇതോടൊപ്പം ദേശീയ പാതയിലെ നിർമാണ നിരോധനമടക്കമുള്ള പ്രശ്നങ്ങളും ജനവികാരം എതിരാക്കി.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാറിന് സംഭവിച്ച വീഴ്ചയും കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ റോഷി അഗസ്റ്റിന് സംഭവിച്ച പാളിച്ചയും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ഇതോടെയാണ് യു.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സമ്പൂർണ വിജയം ജില്ലയിലവർക്ക് നേടിക്കൊടുത്തത്.

Tags:    
News Summary - UDF Won whole seats in Idukki District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.