തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ ജനഹിതമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ മലയോര ജില്ലയിലും ചർച്ചകൾ കൊഴുക്കുകയാണ്. ജില്ലയിൽ ഏത് മുന്നണി ആധിപത്യം നേടിയാലും അത് ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ പൊളിച്ചെഴുത്തിന് വഴിവെക്കുമെന്നതിനാലാണത്. രണ്ട് പതിറ്റാണ്ടോളമായി ജില്ലയിൽ തുടരുന്ന ഇടത് ആധിപത്യം ഇത്തവണയും തുടരുമോ അതോ നഷ്ടപ്രതാപം യു.ഡി.എഫ് വീണ്ടെടുക്കുമോ എന്നുള്ള ചർച്ചകളാണ് ജില്ലയിൽ സജീവമാകുന്നത്.
മലയോര ജനതയെ ഒപ്പംനിർത്താൻ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണമാണ് വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയത്. സംസ്ഥാനത്തെ പൊതുവിഷയങ്ങളും ജില്ലയിലെ പ്രാദേശിക വിഷയങ്ങളുമെല്ലാം ഇതിൽ ചർച്ചയായി.
സർക്കാറിന്റെ വികസന-ജനക്ഷേമ പ്രവർത്തനങ്ങളിലൂന്നിയാണ് ജില്ലയിലും ഇടത് മുന്നണി പ്രചാരണം നയിച്ചത്. ഒപ്പം ഇടുക്കി പാക്കേജ് അടക്കം ജില്ലക്കായി അനുവദിച്ച പ്രത്യേക പദ്ധതികളും ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള ഭൂപതിവ് നിയമ ഭേദഗതിയുമെല്ലാം അവർ ഉയർത്തിക്കാട്ടി. വലത് മുന്നണിയാകട്ടെ അഴിമതിയും വികസനമില്ലായ്മയും ജില്ലയോടുള്ള അവഗണനയും ഭൂപ്രശ്നങ്ങളുമെല്ലാം സജീവ ചർച്ചയാക്കി. ഇവ ആർക്ക് അനുകൂലമാകുമെന്നറിയാൻ മൂന്ന് ദിനംകൂടി കാത്തിരിക്കേണ്ടി വരും.
ജില്ലയിലെ തെരഞ്ഞടുപ്പ് ഫലം എന്തായാലും അത് നിലവിലുള്ള രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള ആധിപത്യം ഇടത് മുന്നണി തുടർന്നാൽ അത് സർക്കാറിനുള്ള പിന്തുണയിലേക്കും ഭരണതുടർച്ചയിലേക്കും വഴിവെക്കും. യു.ഡി.എഫ് ആധിപത്യം തിരിച്ചുപിടിച്ചാൽ അത് സർക്കാറിനെതിരെയുള്ള ജനവികാരമായി വിലയിരുത്തപ്പെടും. അതോടൊപ്പം സംസ്ഥാന ഭരണത്തിലേക്കുള്ള അവരുടെ മടങ്ങിവരവിനും വഴിവക്കും. ഇതോടൊപ്പം ഇടുക്കി, ഉടുമ്പഞ്ചോല, ദേവികുളം മണ്ഡലങ്ങളിലെ മുന്നണി സ്ഥാനാർഥികളുടെ ജയപരാജയവും സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ചലനങ്ങളുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.