തൊടുപുഴ: ഒരു മാസക്കാലം നീണ്ടുനിന്ന ആകാംക്ഷാഭരിതമായ കാത്തിരിപ്പിന് തിങ്കളാഴ്ച വിരാമമാകും. വിവിധ ഏജൻസികൾ പുറത്തുവിട്ട സർവേ ഫലങ്ങളും എക്സിറ്റ്പോളുകളും ഒരുവശത്ത് രാഷ്ട്രീയ ചർച്ചകളെ ചൂടുപിടിപ്പിക്കുമ്പോൾ, വോട്ടർമാരുടെ തീരുമാനം എന്താണെന്നറിയാതെ നെഞ്ചിടിപ്പിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് ഇത്രയേറെ കാലതാമസം വന്നത് അണികളിലും നേതാക്കളിലും ഒരുപോലെ പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ട്. സമീപ ജില്ലകളെ അപേക്ഷിച്ച് മണ്ഡലങ്ങളുടെ എണ്ണം കുറവാണെങ്കിലും ഇടുക്കിയിൽ വാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്.
1987ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ് നിരക്കാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. മാത്രമല്ല മുമ്പെങ്ങുമില്ലാത്തവിധം ആവേശകരമായ മത്സരത്തിനും ഇടുക്കി ഇത്തവണ സാക്ഷ്യം വഹിച്ചു. രണ്ട് പതിറ്റാണ്ടായി നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈയുള്ള ജില്ലയാണിത്. നിലവിൽ തൊടുപുഴയൊഴികെയുള്ള നാല് മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പമാണ്.
കഴിഞ്ഞ നാല് ടേമുകളിലായി കോൺഗ്രസിന് ഒരു പ്രതിനിധി പോലും ജില്ലയിൽനിന്നില്ല എന്നതും ശ്രദ്ധേയമാണ്. ഈ ആധിപത്യം നിലനിർത്താൻ ഇടതുപക്ഷം തീവ്രശ്രമം നടത്തുമ്പോൾ, ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടായാൽ അഞ്ച് സീറ്റും തൂത്തുവാരാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഉടുമ്പഞ്ചോലയും ദേവികുളവും ഇടത് കോട്ടകളായി ഉറച്ചുനിൽക്കുമ്പോൾ, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതമാണ്. ഇവിടെ ആര് വിജയിച്ചാലും ഭൂരിപക്ഷം അയ്യായിരത്തിൽ താഴെയാകാനാണ് സാധ്യത. നാലിന് ഉച്ചയോടെ മലയോര രാഷ്ട്രീയം ആരെ തുണക്കുമെന്ന് വ്യക്തമാകും. വന്യജീവി ശല്യം, നിർമാണ നിരോധനം, പട്ടയം, റോഡുകളുടെ വികസനം തുടങ്ങിയവ ഈ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ എത്രത്തോളം സ്വാധീനിച്ചുവെന്നതും ഫലം വരുമ്പോൾ അറിയാം.
തൊടുപുഴ: കേരളം ആര് ഭരിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ തെരഞ്ഞെടുപ്പ് പന്തയങ്ങൾ കൊഴുക്കുകയാണ്. മുന്നണികളുടെ വിജയസാധ്യതയെച്ചൊല്ലി പ്രാദേശിക തലത്തിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പന്തയങ്ങൾ സജീവമാണ്. തങ്ങളുടെ പാർട്ടി തോറ്റാൽ മുടിവടിക്കാമെന്നും മീശ വടിക്കാമെന്നും എതിർ പാർട്ടിക്കാരുടെ കൊടി പിടിച്ച് രണ്ട് കിലോമീറ്റർ അവരുടെ മുദ്രാവാക്യവും വിളിച്ച് നടക്കാമെന്നതടക്കമുള്ള പന്തയങ്ങൾ വരെ വെച്ചിരിക്കുന്നവരുണ്ട്. ഭരണത്തുടർച്ചയോ അട്ടിമറിയോ, എൽ.ഡി.എഫ് അധികാരം നിലനിർത്തുമോ അതോ യു.ഡി.എഫ് തിരിച്ചുവരുമോ എന്നതിലാണ് പ്രധാന പന്തയങ്ങൾ. ഓരോ മുന്നണിക്കും ലഭിക്കുന്ന കൃത്യമായ സീറ്റുകളുടെ എണ്ണം പ്രവചിച്ചും പന്തയം നടക്കുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള പന്തയങ്ങളും കുറവല്ല. പ്രിയപ്പെട്ട നേതാവ് തോറ്റാൽ തല മുണ്ഡനം ചെയ്യുമെന്നും മീശ വടിക്കുമെന്നുമുള്ള ശപഥങ്ങൾ വാട്സ്ആപ് സ്റ്റാറ്റസുകളിൽ നിറയുകയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ ഒരു വിഭാഗം പന്തയക്കാർ കടുത്ത ആത്മവിശ്വാസത്തിലാണ്. എന്നാൽ, യഥാർഥ വിധി അറിയാൻ തിങ്കളാഴ്ച വരെ കാത്തിരിക്കാമെന്നാണ് ഇവർ പരസ്പരം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.