ഓൺലൈൻ വഴി ഉത്തേജക മരുന്ന് വിൽപന; യുവാവ് പിടിയിൽ

തൊടുപുഴ: ഓണ്‍ലൈന്‍ വഴി ഉത്തേജക മരുന്ന് വില്‍പന നടത്തിവന്നിരുന്ന യുവാവ് പിടിയില്‍. തൊടുപുഴ സ്വദേശി സുനീഷിനെയാണ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും ഡ്രഗ്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥരും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. തൊടുപുഴ നഗരത്തിലെ കൊറിയര്‍ സ്ഥാപനത്തില്‍ മരുന്ന് എടുക്കാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ജിമ്മുകളില്‍ ബോഡി ബില്‍ഡര്‍മാര്‍ ഉപയോഗിക്കുന്നതും ലൈംഗിക ഉത്തേജനത്തിനും ഉപയോഗിക്കുന്ന മരുന്നാണ് ഇയാളില്‍നിന്നും പിടികൂടിയത്. പത്ത് മില്ലിയുടെ 150 പാക്കറ്റുകളാണ് പിടികൂടിയത്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം വില്‍പ്പന നടത്താവുന്ന മരുന്നാണ് ഇത്.

കൊറിയര്‍ വഴി ഇത്തരം മരുന്നുകള്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കൊറിയര്‍ സര്‍വിസ് ജീവനക്കാരെ ഉപയോഗിച്ച് ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി നേരത്തെ പാലായിലും തൊടുപുഴയിലും മെഡിക്കല്‍ ഷോപ് നടത്തിയിരുന്നു. ഈ സ്ഥാപനങ്ങള്‍ വഴി അനധികൃതമായി ഉത്തേജക മരുന്നുകള്‍ വില്‍പ്പന നടത്തിയതിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയായിരുന്നു. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ രണ്ടു കേസുകള്‍ എടുത്തിരുന്നു. സ്ഥാപനങ്ങള്‍ അടച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഓണ്‍ലൈന്‍ വഴി മരുന്ന് വില്‍പ്പന നടത്തിവന്നിരുന്നത്.ജില്ല ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ മാര്‍ട്ടിന്‍ ജോസഫ്, ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് എസ്‌.ഐ അരുണ്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ കേസെടുത്ത ശേഷം വിട്ടയച്ചു. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

Tags:    
News Summary - Youth arrested for selling stimulants online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.