elephant attack
തൊടുപുഴ: കൺമുന്നിൽ കാട്ടാനയുടെ കാൽക്കീഴിൽ അമ്മ പിടഞ്ഞ് മരിക്കുന്നത് കാണേണ്ടി വന്ന മക്കൾ... അച്ഛന്റെ മരണത്തിന് പിന്നാലെ അമ്മയും കൂടി നഷ്ടപ്പെട്ടതോടെ ഇരുവരും വലിച്ചെറിയപ്പെട്ടത് അനാഥത്വത്തിലേക്ക് കൂടിയാണ്. കുട്ടികളുടെ ഉത്തരവാദിത്തം വനം വകുപ്പ് ഏറ്റെടുത്തെന്ന് അറിയിച്ചെങ്കിലും ഇനിയും ഈ കാട്ടാനപ്പടക്ക് മുന്നിൽ ഞങ്ങളെത്ര പേരുടെ ജീവൻ കൂടി ബലി കൊടുക്കേണ്ടി വരുമെന്നാണ് പ്രദേശവാസികളുടെ ചോദ്യം.
തിങ്കളാഴ്ച രാവിലെ മക്കളായ രക്ഷാൻ, രക്ഷിണ എന്നിവരെ സ്കൂളിലേക്ക് ബസ് കയറ്റിവിടാൻ പോകുമ്പോഴാണ് സൂര്യനെല്ലി സിങ്കുകണ്ടത്ത് മാരി എന്ന യുവതി കാട്ടാന ആക്രമണത്തിൽ മരണപ്പെടുന്നത്. പ്രദേശത്തെ കാട്ടാനകളുടെ ഒടുവിലത്തെ ഇരയാണ് ഇവർ. പരിക്കേറ്റും അംഗഭംഗം വന്നും കഴിയുന്നവർ നിരവധി പേർ വേറെയും ഉണ്ടിവിടെ. ചക്ക കൊമ്പൻ ഉൾപ്പെടെ 18 കാട്ടാനകളാണ് ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലായി വിഹരിക്കുന്നത്. 40 പേർക്ക് കാട്ടാനയുടെ കലിയിൽ ഇവിടങ്ങളിൽ ജീവൻ പൊലിഞ്ഞതായി നാട്ടുകാർ എണ്ണിപ്പറയുന്നു. കാട്ടാനകൾ പതിവായി ഇറങ്ങുന്ന പ്രദേശത്തെ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നറിയാതെ കുഴങ്ങുകയാണ് വനം വകുപ്പും. ഇത്രയധികം ആനകളെ മേഖലയിൽ നിന്ന് തുരത്തുക എളുപ്പമല്ല എന്നതാണ് വെല്ലുവിളി. കർഷകരും തോട്ടം തൊഴിലാളികളുമാണ് ഇവിടെ അധിവസിക്കുന്നവരിൽ ഭൂരിഭാഗവും. ഒട്ടേറെ വീടുകളും കടകളും കാട്ടാനയുടെ താണ്ഡവത്തിൽ ഇതിനകം പ്രദേശത്ത് തകർന്ന് വീണിട്ടുണ്ട്.
ചിന്നക്കനാലിലെ ജനവാസ മേഖലയെ വിറപ്പിച്ച അരിക്കൊമ്പനെ നാടു കടത്തിയപ്പോൾ കാട്ടാനശല്യം കുറയുമെന്നാണ് കരുതിയതെങ്കിലും ഇപ്പോഴും മേഖല അശാന്തിയുടെ താഴ്വാരമാണ്. നാടു കടത്തിയ അരിക്കൊമ്പൻ മാത്രം 11 പേരെ കൊന്നതായാണ് കണക്കുകൾ. രാത്രി ആനകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത പല പ്രദേശങ്ങളും ഈ പഞ്ചായത്തുകളിലുണ്ട്. ആനയെ പേടിച്ച് സ്വന്തം വീടുകൾക്ക് മുകളിൽ ഷെഡ് കെട്ടി അതിൽ താമസിക്കുന്നവരുമുണ്ട്. രാവിലെ ജോലിക്ക് പോകുന്ന തോട്ടം തൊഴിലാളികുളം കർഷകരും ആദിവാസി തൊഴിലാളികളുമാണ് കാട്ടാന ആക്രമണത്തിനിരയാകുന്നതിൽ ഭൂരിഭാഗവും. ഇവരാകട്ടെ അന്നന്നുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പെടാപാട് പേരുന്നവരാണ്.
മാരിയുടെ ഭർത്താവ് രാജ ഒരു വർഷം മുൻപ് അസുഖബാധിതനായാണ് മരണപ്പെട്ടത്. മാരിയുടെ മാതാവിന്റെ പേരിലുള്ളതാണ് വീടിരിക്കുന്ന സ്ഥലം. സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ല. ഭർത്താവിന്റെ മരണത്തോടെ കൂലിപ്പണിയെടുത്താണ് മാരി കുട്ടികളെ നോക്കിയിരുന്നത്. വന്യമൃഗശല്യവും യാത്ര സൗകര്യമില്ലാത്തതും മൂലം പല കുട്ടിങ്ങളും പ്രദേശത്ത് പഠനം നിർത്തിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ, നന്നായി പഠിക്കണമെന്നും എന്നാലേ ഇവിടെ നിന്ന് രക്ഷപ്പെടാൻ കഴിയൂ എന്നും മാരി മക്കളോട് പറഞ്ഞിരുന്നു.
കൺമുന്നിൽ നടന്ന അപകടം കുട്ടികളിലുണ്ടാക്കിയ ഞെട്ടൽ വലുതാണ്. അക്രമം കഴിഞ്ഞ് ആനകൾ വനത്തിലേക്ക് നീങ്ങിയപ്പോഴും മകൾ രക്ഷണ അവിടെ തന്നെ സ്തംഭിച്ചു നിൽക്കുന്നതാണ് കണ്ടതെന്ന് ഓടിയെത്തിയ നാട്ടുകാരിലൊരാൾ പറഞ്ഞിരുന്നു. കാട്ടാന ആക്രമണം നടന്ന ശേഷം ഇതുവഴി സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് പോകാൻ പേടിയാണ്. സംഭവം നടന്ന റോഡിലൂടെ 10 കുട്ടികളാണ് സഞ്ചരിക്കുന്നത്. കാട്ടാന കൂട്ടം റോഡിലിറങ്ങി എന്ന മെസേജ് കണ്ടാൽ ആ ദിവസം കുട്ടികളെ രക്ഷിതാക്കൾ സ്കൂളിൽ വിടില്ല. ജനവാസ മേഖലകളിൽ കാട്ടാന ഇറങ്ങുന്നത് തടയാൻ നടപടി അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ ഇനിയും കാട്ടാനകളുടെ കാൽചുവട്ടിൽ ജീവനുകൾ പൊലിയുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ഗാന്ധിനഗർ: കാട്ടാനയുടെ ചവിട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരം. ചിന്നക്കനാൽ സിങ്കുകണ്ടം അങ്കൻവാടി തെരുവിൽ പരേതനായ രാജയുടെ മകൻ രക്ഷൻ (11) ആണ് കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിൽ കഴിയുന്നത്. എന്നാൽ, ചൊവ്വാഴ്ച ഉച്ചക്ക് ശേഷം നാലുതവണ രക്ഷൻ ഛർദ്ദിച്ചെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു.
തൊടുപുഴ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുട്ടികളുടെ സംരക്ഷണ ചുമതല വനം വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. കുട്ടികൾക്ക് എല്ലാ മാസവും 5,000 രൂപ വീതം നൽകും. റേഷൻ സൗജന്യമാക്കും. വനം വകുപ്പ് ഉദ്യോഗസ്ഥനെ മെന്ററായി നിയോഗിക്കും. വന്യജീവി ആക്രമണത്തിനിരയാകുന്ന കുട്ടികളുടെ സംരക്ഷണത്തിൽ ഇതൊരു പുതിയ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.