എം.എം. മണി, പി.ജെ. ജോസഫ്
തൊടുപുഴ: ഇടുക്കിയുടെ രണ്ട് അതികായൻമാരായ എം.എം. മണിയും പി.ജെ. ജോസഫും ഇത്തവണ മത്സര രംഗത്തില്ല. പതിറ്റാണ്ടുകളായി ഇടുക്കിയിലെയും കേരളത്തിലെയും രാഷ്ട്രീയത്തിൽ തങ്ങളുടേതായ പേരുകൾ എഴുതിച്ചേർക്കപ്പെട്ടവരാണ് ഇരുവരും. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെയും തൊടുപുഴയുടെയും സൗമ്യ മുഖവും പാർലമെന്‍ററി രംഗത്തെ റെക്കോഡ് സാന്നിധ്യവുമാണ് പി.ജെ. ജോസഫെങ്കിൽ സി.പി.എമ്മിന്‍റെ കരുത്തുറ്റ നേതാവും ജനകീയനുമാണ് മണിയാശാൻ എന്ന് വിളിക്കുന്ന എം.എം. മണി. സിറ്റിങ് എം.എൽ.എയായിരുന്ന എം.എം. മണിയുടെ പേരാണ് ഉടുമ്പൻചോലയിൽ ആദ്യം ഉയർന്ന് കേട്ടിരുന്നെങ്കിലും പിന്നീട് 2001 മുതൽ 2016 വരെ എം.എൽ.എ ആയിരുന്ന കെ.കെ. ജയചന്ദ്രനെ സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു.
ഞങ്ങളുടെ പാർട്ടിയിൽ വ്യക്തികളല്ല, പാർട്ടിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പാർട്ടി പറഞ്ഞാൽ ഞാൻ മത്സരിക്കില്ലെന്നുമായിരുന്നു എം.എം. മണിയുടെ ഇതിനോടുള്ള പ്രതികരണം. ഇടുക്കി ജില്ലയിൽനിന്ന് ഞങ്ങളുടെ പാർട്ടിയിലെ ആദ്യ മന്ത്രിയായത് ഞാനാണ്. പാർട്ടി വേണ്ടുവോളം പരിഗണന എനിക്ക് തന്നിട്ടുണ്ടെന്നും എം.എം. മണി കൂട്ടിച്ചേർത്തു.
2016ൽ വൈദ്യുതി മന്ത്രിയായ എം.എം മണി വർഷങ്ങളോളം സി.പി.എം ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സരസവും മൂർച്ചയേറിയതുമായ നാടൻ പ്രയോഗങ്ങളിലൂടെ അദ്ദേഹത്തിന്‍റെ സംസാരങ്ങൾ വിവദമാകാറുമുണ്ട്. മത്സരിക്കാനില്ലെങ്കിലും പാർട്ടി പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പു പ്രചാരണത്തിലും സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് പകരം മകൻ അപു ജോൺ ജോസഫ് തൊടുപുഴയിലെ സ്ഥാനാർഥിയായതോടെ അരനൂറ്റാണ്ടിലേറെ നീണ്ട കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അധ്യായനത്തിനാണ് വിരാമമാകുന്നത്. ജീവിച്ചിരിക്കുന്ന തലമുതിർന്ന കേരള കോൺഗ്രസ് നേതാവും നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവം ചില നേതാക്കളിലൊരാളുമാണ് 85കാരനായ ജോസഫ്. 36ാം വയസ്സിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായതിന് പുറമെ ഐക്യ ജനാധിപത്യ മുന്നണിയുടെ ആദ്യ കൺവീനറുമായിരുന്നു. റവന്യൂ, വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലസേചനം, രജിസ്‌ട്രേഷൻ വകുപ്പുകൾ പിൽക്കാലത്ത് കൈകാര്യം ചെയ്തു.
പിതാവിന്‍റെ പിൻഗാമിയെന്നാണ് പ്രവർത്തകർ അപുവിനെ വിശേഷിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ നിന്നേ മാറിയിട്ടുള്ളൂ പാർട്ടിയെ നയിക്കാൻ താൻ ഉണ്ടാകുമെന്നായിരുന്നു അപുവിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് പി.ജെ.യുടെ പ്രതികരണം. മത്സരരംഗത്ത് നിന്ന് മാറുന്നതിൽ വിഷമമൊന്നുമില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാൽ മാറി നിൽക്കുന്നേയുള്ളൂവെന്നും പി.ജെ പ്രതികരിച്ചു. ഇടുക്കി രാഷ്ട്രീയത്തിലെ പടക്കുതിരകൾ ഇല്ലാതെ വരുന്ന തെരഞ്ഞെടുപ്പ് പ്രവചനാതീതമായ ഫലങ്ങളിലേക്കടക്കം മാറ്റുമോ എന്നതടക്കം തെരഞ്ഞെടുപ്പിന് ശേഷം കണ്ടറിയേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.