നഗരസഭ ചെയർപേഴ്സനെതിരെ ആരോപണം: സഫിയ ജബ്ബാറിന് സസ്പെൻഷൻ

തൊടുപുഴ: നഗരസഭ ചെയർപേഴ്സനെതിരെ ആരോപണമുന്നയിച്ച തൊടുപുഴ മുനിസിപ്പൽ കൗൺസിലർ സഫിയ ജബ്ബാറിന് സസ്പെൻഷൻ. അടിസ്ഥാന രഹിത ആരോപണം ഭരണ സമിതിക്കെതിരെ ഉന്നയിച്ചതിനാണ് അന്വേഷണ വിധേയമായി ആറുമാസത്തേക്ക് സംഘടനയിൽനിന്ന് സസ്പെൻഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചത്.

മുസ്ലിം ലീഗ് പ്രതിനിധിയായ ചെയർപേഴ്സൻ സാബിറ ജലീലിനെതിരെ സ്വന്തം പാർട്ടി കൗൺസിലർമാരും ഘടകക്ഷിയംഗങ്ങളും അടുത്തിടെ ചേർന്ന കൗൺസിലിൽ ആരോപണവുമായി രംഗത്തുവന്നിരുന്നു.

താനറിയാതെയാണ് തനത് ഫണ്ടിൽനിന്ന് ഫെബ്രുവരിയിൽ 7.70 ലക്ഷം രൂപയുടെ ചെക്ക് മാറിയതെന്ന് ചെയർപേഴ്സൻ വ്യക്തമാക്കി. ലീഗ് അംഗമായ മുൻ ചെയർപേഴ്സൻ സഫിയ ജബ്ബാർ നിലവിലെ ചെയർപേഴ്സൻ കരാറുകാരിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി രംഗത്ത് വന്നതോടെ കൗൺസിലിൽ തർക്കവും ബഹളവും നടന്നു. പിന്നാലെ ചേർന്ന മുസ്ലിം ലീഗ് പാർലമെന്‍ററി പാർട്ടി യോഗത്തിലും വിഷയം ഉയർന്നതോടെ വാക്കേറ്റമായി.

ചെയർപേഴ്സനെതിരെ അഴിമതി ആരോപണം ഉന്നയിച്ച സഫിയ ജബ്ബാറിനെ പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയായിരുന്നു. ഒരു വിഭാഗം പ്രവർത്തകർ ജില്ല പ്രസിഡന്റിനെയും നഗരസഭ കൗൺസിലറും മുൻ ചെയർമാനുമായ എ.എം. ഹാരിദിനെയും ഉൾപ്പെടെ തടഞ്ഞുവെക്കുകയും ചെയ്തതോടെ യോഗം ബഹളത്തിൽ മുങ്ങി.

തുടർന്ന് തെളിവില്ലാതെ ആരോപണം ഉന്നയിച്ച സഫിയ ജബാറിനെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ ചെയ്യുകയും നഗരസഭയിലെ അരോപണങ്ങൾ സംബന്ധിച്ച് അന്വേഷിക്കാൻ മൂന്നംഗം സമിതിയെയും നിയോഗിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സഫിയ ജബ്ബാറിനെതിരെ നടപടി വന്നത്. 

Tags:    
News Summary - Thodupuzha Municipality Chairperson Controversy: Councillor Safiya Jabbar Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.