മുള്ളരിങ്ങാട് മേഖലയിൽ സ്ഥാപിച്ച എ.ഐ സ്മാർട്ട് ഫെൻസിങ്
കേരളത്തിലെ ആദ്യ പദ്ധതി; കാട്ടാനകളെ മെരുക്കാൻ മുള്ളരിങ്ങാട് എ.ഐ സ്മാർട്ട് ഫെൻസിങ്
തൊടുപുഴ: കാട്ടാന ശല്യം രൂക്ഷമായ മുള്ളരിങ്ങാട് മേഖലയിൽ വിപുലമായ നിർമിതബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതിരോധമൊരുക്കുന്നതിന്‍റെ ഭാഗമായി എ.ഐ സ്മാർട്ട് എലി ഫെൻസ് സ്ഥാപിച്ചു. ഗവ. എൻ.എൽ.പി സ്‌കൂൾ, അമയാൽത്തൊട്ടി പ്രദേശങ്ങളോട് ചേർന്നുള്ള മനുഷ്യവാസ മേഖലകളിലേക്ക് കാട്ടാനകളുടെ പ്രവേശനം തടയുകയും സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള പ്രാദേശിക ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുകയും, മനുഷ്യ-വന്യജീവി സംഘർഷം കുറക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കേരളത്തിൽ നടപ്പാക്കുന്ന ആദ്യ പദ്ധതിയാണിത്. മൂന്ന് ലെയർ സുരക്ഷാ സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്‍റെ സി.എസ്.ആർ ധന സഹായത്തോടെ നിർമിച്ച പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു.
സോളാർ പാനലുകളും കാര്യക്ഷമതയേറുന്ന സ്മാർട്ട് എനർജൈസറുകളും ഒപ്പം സ്കാഡ അധിഷ്‌ഠിത നിയന്ത്രണ നിരീക്ഷണ സംവിധാനങ്ങളും രാപകൽ വ്യത്യാസമില്ലാതെ കാവലൊരുക്കുന്ന എ.ഐ ക്യാമറകളും വന്യജീവികളെ ഫലപ്രദമായി അകറ്റാൻ ശബ്ദ-പ്രകാശ പ്രതിരോധസംവിധാനങ്ങളും ലാൻ, ഒപ്റ്റിക്കൽ ഫൈബർ കൺവെർട്ടറുകൾ, നെറ്റ് വർക്ക് വീഡിയോ റെക്കോർഡർ എന്നിവയുൾപ്പെടുന്ന അത്യാധുനിക കൺട്രോൾ റും എന്നിവയിലൂടെ പഴുതടച്ച പ്രതിരോധ സംവിധാനമാണ് ഇത് ഉറപ്പുവരുത്തുന്നത്.
സൗരോർജത്തിന്‍റെയും നിർമ്മിത ബുദ്ധിയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി കാട്ടാനകളുടെ സാന്നിദ്ധ്യം തത്സമയം തിരിച്ചറിയാനും, അവയെ വനത്തിലേക്ക് തന്നെ മടക്കി അയക്കാനും സംവിധാനത്തിന് കഴിയും. ചീഫ് വിപ് അപു ജോൺ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.