ത​ക​ർ​ന്ന ഇ​ടാ​ട്-​വാ​ഗ​മ​ൺ റോ​ഡ്

റോഡ് തകർന്നു; ഇടാട്-വാഗമൺ പാതയിൽ ദുരിതയാത്ര

മൂലമറ്റം: മൂലമറ്റം-ഇടാട് വഴി വാഗമണ്ണിലേക്കുള്ള റോഡ് തകർന്നതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി. റോഡിൽ രൂപപ്പെട്ട വലിയ കുഴികളും തകർന്ന ഭാഗങ്ങളും കാരണം വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് കടന്നുപോകുന്നത്. കയറ്റമുള്ള ഭാഗങ്ങളിലെ കുഴികൾ യാത്രക്കാർക്ക് വലിയ വെല്ലുവിളിയാണ്.

റോഡിന്റെ പല ഭാഗങ്ങളിലും ഒരടിയോളം വരെ ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച്, കയറ്റമുള്ള ഭാഗങ്ങളിൽ വലിയ കുഴികളിൽ ചെറുവാഹനങ്ങളുടെ ചക്രങ്ങൾ കുടുങ്ങുന്നതോടെ വാഹനങ്ങൾ മുന്നോട്ടെടുക്കാൻ ഡ്രൈവർമാർ ഏറെ പ്രയാസപ്പെടുകയാണ്. മഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അവയുടെ ആഴം തിരിച്ചറിയാനും കഴിയാത്ത സ്ഥിതിയാണ്.

വാഹനങ്ങളുടെ അടിഭാഗം റോഡിൽ തട്ടുന്നതും ടയറുകൾക്കും മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നതും പതിവായതായി യാത്രക്കാർ പറയുന്നു. ഇരുചക്ര വാഹന യാത്രക്കാർക്കും റോഡിന്റെ തകർച്ച വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. വാഗമണ്ണിലേക്ക് എത്തുന്ന സഞ്ചാരികൾ ഏറെ ആശ്രയിക്കുന്ന പ്രധാന പാതകളിലൊന്നാണിത്. വാഗമൺ സന്ദർശനത്തിനായി എത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിനേന ഇതുവഴി കടന്നുപോകുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥമൂലം യാത്രാസമയം വർധിക്കുന്നതിനൊപ്പം വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

റോഡിന്റെ തകർന്ന ഭാഗങ്ങൾ അടിയന്തരമായി പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. വിനോദസഞ്ചാര മേഖലയുമായി നേരിട്ട് ബന്ധപ്പെടുന്ന റോഡായതിനാൽ അധികൃതർ അടിയന്തരമായി ഇട പെട്ട് ശാസ്ത്രീയമായ രീതിയിൽ റോഡ് നവീകരിക്കുകയും സുരക്ഷ ഉറപ്പാക്കുകയും വേണമെന്നാണ് ആവശ്യം. 

Tags:    
News Summary - Road Collapse Disrupts Edad-Vagamon Travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.