പണി പൂർത്തിയായ കൊച്ചുകരുന്തിരുവി പാലം
കട്ടപ്പന: നാട്ടുകാരുടെ നിരന്തരമായ പ്രക്ഷോഭത്തിനൊടുവിൽ മലവെള്ളപ്പാച്ചിലിൽ തകർന്ന കൊച്ചുകരിന്തരുവി പാലം പുനർനിർമിച്ചു. ഉപ്പുതറ - ഏലപ്പാറ റോഡിന്‍റെ ഭാഗമായ കൊച്ചുകരിന്തരുവി പാലത്തിന്‍റെ നിർമാണമാണ് പൂർത്തിയായത്.16 കോടി രൂപ കേന്ദ്രാവിഷ്കൃത ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഏലപ്പാറ - ഉപ്പുതറ റോഡിന്‍റെ ഭാഗമായാണ് 2019ൽ കൊച്ചുകരിന്തരുവിയിൽ തോടിനു കുറുകെ പാലം പണിതത്. 2020ലെ മലവെള്ളപ്പാച്ചിലിൽ തോട് കരകവിഞ്ഞ് ഈ പാലം തകർന്നു.
മലവെള്ളപ്പാച്ചിലിനെ തുടർന്ന് പാലത്തിന്‍റെ കൈവരികളും സംരക്ഷണഭിത്തിയും തകർന്ന് പാലം പൂർണമായും അപകടാവസ്ഥയിലായിരുന്നു.കോൺക്രീറ്റ് തൂണുകൾക്ക് ബലക്ഷയം സംഭവിക്കുകയും ടാറിങ് ഇളകിമാറുകയും ചെയ്തതോടെ ഇതുവഴിയുള്ള വാഹന യാത്ര ഭീഷണിയായിരുന്നു.
പാലത്തിലൂടെ ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നുപോകാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ഇതിനിടെ പാലത്തിലൂടെ നടന്നുപോയ കന്നുകാലികൾ തോട്ടിൽ വീണു ചാകുകയും ചെയ്തു. ഇതോടെ പാലം പുനർനിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമായി.
പ്രകൃതിദുരന്തത്തിൽ തകർന്നതിനാൽ പാലത്തിന് പുതിയ ഫണ്ട് അനുവദിക്കണമെന്നായിരുന്നു കരാറുകാരന്‍റെ ആവശ്യം. എന്നാൽ, റോഡ് പണി പൂർത്തിയാകും മുമ്പ് പാലം തകർന്നതിനാൽ കരാറുകാരൻതന്നെ പാലം പണിയണം എന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.
ഇതോടെ പാലം പുനർനിർമാണം അനിശ്ചിതത്വത്തിലായി. എന്നാൽ, പ്രദേശവാസികൾ പ്രക്ഷോഭവുമായി രംഗത്തുവന്നതോടെ കരാറുകാരൻതന്നെ പുതിയ പാലം നിർമിച്ചു. ഉപ്പുതറയിൽനിന്ന് ഏലപ്പാറയിലേക്ക് എളുപ്പമാർഗത്തിൽ പോകുന്ന പാതയാണ് പൂർത്തീകരിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.